
മിസോറി: അതിതീവ്രമായ ചൂടിൽ റോഡിന് രൂപമാറ്റം വന്നതറിയാതെ വേഗതയിലെത്തിയ കാർ അന്തരീക്ഷത്തിലേക്ക് ഉയർന്നുപൊങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ മിസോറി സംസ്ഥാനത്തെ കേപ് ജിറാർഡോയിലാണ് ഈ നാടകീയ സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച, ജൂൺ 22-നാണ് ഇത് സംഭവിച്ചതെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കടുത്ത ചൂട് കാരണം റോഡ് പൊങ്ങി 'ഹമ്പ്' പോലെ രൂപപ്പെടുന്നത് നിരീക്ഷിക്കുകയായിരുന്ന പ്രദേശവാസിയാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. ഒരു കാർ കടന്നുപോകുമ്പോൾ റോഡിന്റെ ഉപരിതലം പെട്ടെന്ന് ഉയരത്തിൽ പൊങ്ങി വരുന്നതാണ് വീഡിയോയിൽ കാണുന്നത്. നിമിഷനേരം കാർ വായുവിൽ ഉയർന്നുപൊങ്ങിയ ശേഷം റോഡിൽ തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കുകളൊന്നുമില്ലെന്ന് കേപ് ജിറാർഡോ പോലീസ് വകുപ്പ് സ്ഥിരീകരിച്ചു.
കേടുപാടുകൾ കണ്ടിട്ടും റോഡ് ഗതാഗതത്തിനായി തുറന്നു നൽകിയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷി പറയുന്നു. ചെറുതായി പൊങ്ങിയ ഭാഗത്തിലൂടെ കടന്നുപോകുന്ന കാറുകളുടെ മുൻഭാഗം നോക്കാനായി നിരീക്ഷിക്കുമ്പോഴാണ് റോഡ് അസാധാരണമായി 18 ഇഞ്ചിലധികം ഉയർന്നതെന്നും, അങ്ങനെയാണ് കാർ വായുവിൽ പറന്നുയർന്നതെന്നും വീഡിയോ പകർത്തിയയാൾ പറഞ്ഞതായി യുഎസ്എ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ അധികൃതർ ഫേസ്ബുക്കിൽ മുന്നറിയിപ്പ് പോസ്റ്റ് ചെയ്തു. സിയേമേഴ്സ് ഡ്രൈവ് ഉൾപ്പെടെ രണ്ട് റോഡുകൾ നിലവിലെ ഉഷ്ണതരംഗം മൂലം തകർന്നുവെന്ന് അധികൃതർ അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്ക് കേപ് ജിറാർഡോ പോലീസ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഡ്രൈവർമാർ നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും, റോഡിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് പ്രാദേശിക ഭരണ സംവിധാനങ്ങളെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.