
റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തിയ വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ സൗദി സഖ്യസേന പരാജയപ്പെടുത്തി. തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകളും സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ മൂന്ന് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു.
കിഴക്കൻ പ്രവിശ്യയിൽ മൂന്ന് മണിക്കൂറിനുള്ളിൽ മൂന്നാമത്തെ ഡ്രോണും വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യസേന വ്യക്തമാക്കി.
മേഖലയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും സുരക്ഷാ മുന്നറിയിപ്പ് നൽകി. അപകടസാധ്യത മുൻനിർത്തി പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മന്ത്രാലയം നിർദേശിച്ചു.
സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.ഔദ്യോഗിക സംവിധാനങ്ങൾ വഴി വരുന്ന നിർദേശങ്ങൾ മാത്രം പിന്തുടരുക. സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജപ്രചാരണങ്ങളും വിശ്വസിക്കരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നും എല്ലാവരും അധികൃതരുമായി സഹകരിക്കണമെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam