'ലോകം ഉറ്റുനോക്കുന്നു ഇന്ത്യയെ', ബഹിരാകാശ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി; ശരിവച്ച് ശുഭാംശു

Published : Aug 23, 2025, 11:21 PM ISTUpdated : Aug 23, 2025, 11:26 PM IST
pm modi shubhanshu shukla

Synopsis

ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വർധിച്ചു വരികയാണ്. ശുഭാംശുവിനെ മാതൃകയാക്കി കൂടൂതൽ യുവജനങ്ങൾ ബഹിരാകാശ മേഖലയിലേക്ക് വരണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു

ദില്ലി: ബഹിരാകാശ മേഖലയിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ സാങ്കേതികവിദ്യകൾ ഇന്ന് ഭരണനിർവഹണത്തിലും പ്രധാന പങ്കുവഹിക്കുന്നു എന്ന് മോദി ചൂണ്ടികാട്ടി. ലോകം ഉറ്റുനോക്കുന്ന വലിയ നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ന് രാജ്യം കൈവരിക്കുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തവും വർദ്ധിച്ചു വരികയാണ്. ശുഭാംശുവിനെ മാതൃകയാക്കി കൂടൂതൽ യുവജനങ്ങൾ ബഹിരാകാശ മേഖലയിലേക്ക് വരണമെന്നും മോദി ആഹ്വാനം ചെയ്തു.

ദില്ലി ഭാരത് മണ്ഡപത്തിൽ നടന്ന രണ്ടാമത് ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടിയിൽ വിർച്വലായി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടിയിൽ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്, ഐ എസ് ആർ ഒ ചെയർമാൻ വി നാരായണൻ എന്നിവർ പങ്കെടുത്തു. ഇവർക്കൊപ്പം ഗഗന്യാൻ യാത്രികരായ അജിത് കൃഷ്ണൻ, പ്രശാന്ത് ബി നായർ, അംഗത് പ്രതാപ് എന്നിവരും ചടങ്ങിന്റെ ഭാഗമായി.

ബഹിരാകാശ മേഖലയിൽ ഇന്ത്യ വലിയ നേട്ടങ്ങൾ കൈവരിക്കുന്നു എന്ന് ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും അഭിപ്രായപ്പെട്ടു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ഭാവി വലുതാണ്. ബഹിരാകാശ മേഖലയിലെ പഠനങ്ങളിൽ ഇന്ത്യക്ക് വലിയ പാരമ്പര്യമാണുള്ളത്. ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നത് ജനങ്ങളെയും മേഖലയിലേക്ക് കൂടുതൽ അടുപ്പിക്കുമെന്നും ശുഭാംശു ശുക്ല പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി നമ്മൾ ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കുന്നു. ഇത് വലിയൊരു ചുവടുവെപ്പാണ്. വളരെ വലിയ പദ്ധതികളാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഇന്ന് ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ ജനങ്ങളുടെ പ്രതികരണം വളരെ ഉത്സാഹം നിറഞ്ഞതായിരുന്നുവെന്നും ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു വിവരിച്ചു.

അതേസമയം ഗഗൻയാൻ ദൗത്യത്തിൽ നിർണായക പരീക്ഷണം നാളെ നടക്കും. ശ്രീഹരിക്കോട്ടയിൽ രാവിലെ 6 മണിയോടെ ആണ് പരീക്ഷണം നടക്കുക. ഐ എസ് ആർ ഒയും ഇന്ത്യൻ വ്യോമസേനയും ചേർന്നാണ് പരീക്ഷണം നടത്തുന്നത്. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്റ്റർ ഉപയോഗിച്ച് താഴേക്ക് ഇടുന്നതാണ് പരീക്ഷണം. പാരച്യൂട്ടുകളുടെ പ്രവർത്തന ക്ഷമത വിലയിരുത്താൻ ആണ് ഈ പരീക്ഷണം. പേടകം താഴേക്ക് ഇടുക 5 കിലോമീറ്റർ ഉയരത്തിൽ നിന്നാകും. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റർ ആണ് ദൗത്യത്തിന് ഉപയോഗിക്കുക.

PREV
Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
ഹൈദരാബാദ് വിമാനത്താവളത്തിൽ ബോംബ് ഭീഷണി; മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ട് ഇ മെയിൽ, വിപുലമായ പരിശോധന, ഒന്നും കണ്ടെത്താനായില്ല