പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ വനിതയുടേതെന്ന പേരിൽ ഓഡിയോ ക്ലിപ്പ് വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതി തനിക്ക് തെറ്റു പറ്റിയെന്നും ഇവിടെ വലിയ ദുരിതത്തിലാണെന്നും പറയുന്ന ഓഡിയോ ക്ലിപ്പ് ആണ് പ്രചരിക്കുന്നത്.
ദില്ലി: കഴിഞ്ഞ വർഷം പാകിസ്ഥാനിലെത്തിയ സരബ്ജീത് കൗർ എന്ന ഇന്ത്യൻ യുവതിയുടേതെന്ന പേരിൽ പുറത്തുവന്ന ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. സിഖ് തീർത്ഥാടന സംഘത്തിനൊപ്പം പാകിസ്ഥാനിലെത്തിയ ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാൻ സ്വദേശിയെ വിവാഹം കഴിക്കുകയായിരുന്നെന്നാണ് വിവരം. താൻ പാകിസ്ഥാനിൽ ഒട്ടും സുരക്ഷിതയല്ലെന്നും ഇന്ത്യയിലേക്ക് മടങ്ങണമെന്നും യുവതി കരഞ്ഞുകൊണ്ട് പറയുന്നതാണ് ഓഡിയോയിലുള്ളത്. എന്നാൽ ഈ ഓഡിയോ ക്ലിപ്പിന്‍റെ ആധികാരികത വ്യക്തമായിട്ടില്ല.
'ഇവിടെ വലിയ ദുരിതത്തിലാണ്'
കഴിഞ്ഞ വര്‍ഷം നവംബറിലാണ് സരബ്ജീത് കൗർ പാകിസ്ഥാനിലേക്ക് യാത്ര ചെയ്തത്. ഇന്ത്യയിലുള്ള തന്‍റെ ഭർത്താവുമായി യുവതി സംസാരിക്കുന്നതെന്ന് കരുതപ്പെടുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതെന്ന് ‘ഇന്ത്യ ടുഡെ’ റിപ്പോര്‍ട്ട് ചെയ്തു. 'ഞാൻ ഇവിടെ വലിയ ദുരിതത്തിലാണ്. എനിക്ക് എന്റെ മക്കളുടെ അടുത്തേക്ക് മടങ്ങണം. ഓരോ പൈസയ്ക്കും വേണ്ടി ഞാൻ ഇവിടെ കഷ്ടപ്പെടുകയാണ്'. -ഓഡിയോ ക്ലിപ്പിൽ പറയുന്നു.
തനിക്ക് വലിയ തെറ്റ് പറ്റിയെന്നും ധരിക്കാൻ പോലും നല്ല വസ്ത്രങ്ങളില്ലെന്നും യുവതി പറയുന്നുണ്ട്. തന്നെ ചിലർ ഉപദ്രവിക്കുന്നുണ്ടെന്ന് യുവതി ആരോപിക്കുന്നുണ്ടെങ്കിലും അത് ആരാണെന്ന് വ്യക്തമാക്കുന്നില്ല. നങ്കാന സാഹിബ് ഗുരുദ്വാരയിലെ അധികൃതരെ സമീപിച്ച് സഹായം തേടാൻ ഭർത്താവ് അവരോട് നിർദ്ദേശിക്കുന്നുണ്ട്.
പാകിസ്ഥാനിലെത്തിയത്
2025 നവംബർ 4നാണ് ഗുരുനാനാക്ക് ദേവ് ജിയുടെ പ്രകാശ് ഗുർപുരബിനോടനുബന്ധിച്ച് സരബ്ജീത് കൗർ പാകിസ്ഥാനിലെത്തിയത്. നവംബർ 13-ന് മടങ്ങേണ്ടിയിരുന്ന അവർ സംഘത്തിൽ നിന്നും കാണാതാവുകയായിരുന്നു. പിന്നീട് അവർ 'നൂർ ഹുസൈൻ' എന്ന പേര് സ്വീകരിച്ച് ഷെയ്ഖുപുര സ്വദേശിയായ നസീർ ഹുസൈനെ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന റിപ്പോര്‍ട്ടുകളും വീഡിയോകളും പാകിസ്ഥാനില്‍ നിന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ജനുവരി 6-ന് സരബ്ജിത്തിനെ വാഗ അതിർത്തി വഴി ഇന്ത്യയിലേക്ക് നാടുകടത്താൻ പാകിസ്ഥാൻ അധികൃതർ തീരുമാനിച്ചിരുന്നു. എന്നാൽ അവസാന നിമിഷം വ്യക്തമായ കാരണങ്ങളില്ലാതെ ഈ നടപടി നിർത്തിവെച്ചു. രേഖകളിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.
നിലവിൽ വിസ കാലാവധി കഴിഞ്ഞ സരബ്ജീത് പാകിസ്ഥാനിൽ നിയമവിരുദ്ധമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്തുവന്ന ഓഡിയോ ക്ലിപ്പിന്‍റെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ വിഷയത്തിൽ പാകിസ്ഥാൻ അധികൃതരോ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമോ ഇതുവരെ പരസ്യമായ പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

