യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടിയുമായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. തന്നെ കൊണ്ടുപോകാൻ വരാൻ ട്രംപിനെ വെല്ലുവിളിച്ച പെട്രോ, രാജ്യം ആക്രമിക്കപ്പെട്ടാൽ വീണ്ടും ആയുധമെടുക്കുമെന്നും മുന്നറിയിപ്പ് നൽകി

ബോഗൊട്ട: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. 'എന്നെ കൊണ്ടുപോകാൻ വരൂ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു' എന്നാണ് കൊളംബിയൻ പ്രസിഡന്‍റ് പറഞ്ഞത്. ട്രംപിന്‍റെ ഭീഷണിക്ക് പിന്നാലെയാണ് മറുപടിയുമായി പെട്രോ രംഗത്തെത്തിയത്.

"അവർ (യുഎസ്) ബോംബിട്ടാൽ, ജനങ്ങൾ മലനിരകളിൽ ഗറില്ലകളായി മാറും. രാജ്യം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പ്രസിഡന്റിനെ തടവിലാക്കിയാൽ അവർ പ്രത്യാക്രമണം നടത്തും. ഇനി ഒരു ആയുധവും തൊടില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തതാണ്. പക്ഷേ മാതൃരാജ്യത്തിനുവേണ്ടി ഞാൻ വീണ്ടും ആയുധമെടുക്കും"- ഗുസ്താവോ പെട്രോ പറഞ്ഞു. ഗറില്ല ഗ്രൂപ്പ് അംഗമായിരുന്ന പെട്രോ 1990കളിലാണ് സായുധ വഴിയിൽ നിന്ന് പിന്മാറിയത്.

വെനിസ്വേലയ്‌ക്കെതിരായ ആക്രമണത്തിനു ശേഷമാണ് ട്രംപ് കൊളംബിയക്കെതിരെ തിരിഞ്ഞത്. കൊളംബിയ ഭരിക്കുന്നത് യുഎസിലേക്ക് മയക്കുമരുന്ന് വിൽക്കുന്ന ഒരാളാണെന്ന് ട്രംപ് ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞതോടെയാണ് ഇരുവരും തമ്മിലുള്ള വാഗ്വാദം തുടങ്ങിയത്. "കൊളംബിയയും രോഗാതുരമായ രാജ്യമാണ്. കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയിലേക്ക് വിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ് അവിടെ ഭരിക്കുന്നത്. അദ്ദേഹം അത് അധികകാലം ചെയ്യാൻ പോകുന്നില്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. കൊളംബിയയ്‌ക്കെതിരെ ഒരു ഓപ്പറേഷൻ ആരംഭിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു"- എന്നായിരുന്നു പരാമർശം.

സഹകരണം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ബന്ധങ്ങൾ നിലനിർത്തുമെന്നും എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഭീഷണികളോ ബലപ്രയോഗമോ അംഗീകരിക്കില്ലെന്നും കൊളംബിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാര ബന്ധം ആരോപിച്ച് ഒക്ടോബറിൽ ട്രംപ് പെട്രോയ്ക്കും കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിരുന്നു.

Scroll to load tweet…

മദൂറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി

അതേസമയം സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദൂറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. മദൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മദൂറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധമായ കുറ്റങ്ങളാണ് മദൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് മദൂറോ കോടതിയെ അറിയിച്ചു. മാ‍‍ർച്ച് 17നാണ് ഇരുവരെയും വീണ്ടും കോടതിയിൽ ഹാജരാക്കുക. മദൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളുമായി നിരവധിപ്പേർ കോടതി പരിസരത്ത് എത്തിയിരുന്നു.

വെനസ്വേലയിലെ യുഎസ് ആക്രമണത്തെ 33 ശതമാനം അമേരിക്കക്കാർ മാത്രമാണ് പിന്തുണയ്ക്കുന്നതെന്ന് സർവ്വെ ഫലം. 72 ശതമാനം പേർ അമേരിക്ക വെനസ്വേലയിൽ അമിതമായി ഇടപെടുമെന്ന് ആശങ്ക രേഖപ്പെടുത്തിയതായും റോയിട്ടേഴ്‌സ് - ഇപ്‌സോസ് നടത്തിയ സർവ്വെ ഫലം പറയുന്നു. റിപ്പബ്ലിക്കൻമാരിൽ 65 ശതമാനം പേരും ട്രംപിന്‍റെ സൈനിക നടപടിയെ പിന്തുണച്ചു. അതേസമയം ഡെമോക്രാറ്റുകളിൽ 11 ശതമാനം പേരും സ്വതന്ത്രരിൽ 23 ശതമാനം പേരും മാത്രമാണ് പിന്തുണച്ചത്. രണ്ട് ദിവസമായി നടത്തിയ സർവ്വെയുടെ ഫലമാണ് പുറത്തുവിട്ടത്.