
ടെഹ്റാൻ: അഞ്ചാം ദിവസത്തിലേക്ക് കടന്ന പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്. ലോകത്തെ പ്രധാന എണ്ണക്കപ്പലുകൾ കടന്നു പോകുന്ന ഹോർമുസ് കടലിടുക്കിന്‍റെ പൂർണ്ണ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഇറാനിലെ റെവല്യൂഷണറി ഗാർഡുകൾ (IRGC) പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു. ഇറാൻ തീരത്തുനിന്ന് 650 കിലോമീറ്റർ അകലെ വെച്ചാണ് യുഎസ് കപ്പലിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. എന്നാൽ അമേരിക്കൻ നാവികസേന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതിനിടെ, ഇറാന്‍റെ നാവിക സേനാ കപ്പലായ 'ഐആർഐഎസ് ദെന' (IRIS Dena) സ്ഫോടനത്തെത്തുടർന്ന് ശ്രീലങ്കൻ തീരത്തിന് സമീപം മുങ്ങി. കപ്പലിലുണ്ടായിരുന്ന 180 ജീവനക്കാരിൽ 32 പേരെ രക്ഷപ്പെടുത്തിയതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും ശ്രീലങ്കൻ അധികൃതർ അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു എന്നതിന്‍റെ സൂചനയായാണ് ഈ സംഭവങ്ങൾ വിലയിരുത്തപ്പെടുന്നത്. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലായിരിക്കുകയാണ്.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിട്ടുമുണ്ട്. സുരക്ഷാ കമാൻഡ് സെന്‍ററുകൾ ഉൾപ്പെടെ ഡസൻ കണക്കിന് കേന്ദ്രങ്ങളാണ് ഇസ്രായേൽ തകർത്തത്. ഇതിന് തിരിച്ചടിയായി ഇസ്രായേലിനും അമേരിക്കൻ താവളങ്ങൾക്കും നേരെ ഇറാൻ 40-ലധികം മിസൈലുകൾ തൊടുത്തു. ജറുസലേമിലും ടെൽ അവീവിലും അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ ബങ്കറുകളിൽ അഭയം തേടുകയും ചെയ്തു. അതേസമയം, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രായേൽ രൂക്ഷമായ ആക്രമണം നടത്തി. ബെയ്റൂട്ടിലുണ്ടായ സ്ഫോടനങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
അതേസമയം, കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വിലാപയാത്ര ബുധനാഴ്ച വൈകുന്നേരം ആരംഭിക്കാനിരിക്കെ, പുതിയ നേതാവിനെ തിരഞ്ഞെടുത്താൽ അവരെയും ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോട് ഒഴിഞ്ഞുപോരാൻ അമേരിക്ക നിർദ്ദേശം നൽകി. സംഘർഷം ആഗോള സാമ്പത്തിക വിപണിയെയും ബാധിച്ചു തുടങ്ങി. ഏഷ്യൻ വിപണികളിലും ഗൾഫ് ഓഹരി വിപണികളിലും വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam