
ജോർജ്ജിയ: അമേരിക്കയിലെ ജോർജ്ജിയയിൽ വിവാഹ പന്തലിൽ നിന്നുള്ള ഹെലികോപ്ടർ യാത്ര ദുരന്തമായി. ഡെൽറ്റ എയർലൈൻസിൽ ഫസ്റ്റ് ഓഫീസറായ മലയാളി യുവാവ് ഡേവ് ഫിജിയും ഹെലികോപ്ടർ പൈലറ്റുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നവവധുവും നഴ്സുമായ ജെസ്നി പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി ജോർജിയയിലെ ഡോസൺവില്ലിലുള്ള ദി റിവേർ എന്ന വിവാഹ വേദിയിലായിരുന്നു ഡേവിന്റെ വിവാഹം. വിവാഹത്തിന് ശേഷം വധൂവരന്മാർക്ക് ഒരുക്കിയ പ്രത്യേക യാത്രയുടെ ഭാഗമായാണ് ഇരുവരും റോബിൻസൺ ആർ66 ഹെലികോപ്റ്ററിൽ കയറിയത്. ഡെക്കാബ്-പീച്ച്ട്രീ വിമാനത്താവളത്തിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ വിമാനം പറന്നുയർന്ന് അധികം വൈകാതെ തന്നെ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.
കുട്ടിക്കാലം മുതൽ പൈലറ്റാകാൻ ആഗ്രഹിക്കുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്ത ഡേവിന് മോശം കാലാവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ഹെലികോപ്റ്റർ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് കാലാവസ്ഥ മോശമാകുന്നതിനെക്കുറിച്ചും കാഴ്ചപരിധി വളരെ കുറവാണെന്നതിനെക്കുറിച്ചും ഡേവ് ഹെലികോപ്റ്റർ പൈലറ്റിനോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി ഡേവിന്റെ പിതാവ് ജോർജ്ജ് ഫിജി മാധ്യമങ്ങളോട് പ്രതികരിച്ചത് . കാഴ്ചപരിധി ഒട്ടുമില്ലാത്ത ഇത്തരം സാഹചര്യങ്ങളിൽ ഞങ്ങൾ ഒരിക്കലും വിമാനം പറത്താറില്ല എന്ന് ഡേവ് പൈലറ്റിനോട് പറഞ്ഞിരുന്നു. എന്നാൽ തങ്ങൾ കൂടുതൽ ഉയർന്ന ഉയരത്തിലൂടെ പറക്കുമെന്നാണ് ഹെലികോപ്റ്റർ പൈലറ്റ് ഇതിന് മറുപടിയായി നൽകിയതെന്ന് പിന്നീട് ജെസ്നി കുടുംബത്തോട് വിശദമാക്കിയത്.
അപകടത്തിന് ശേഷം തകർന്ന ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകളോളം കഠിനമായി പരിശ്രമിക്കേണ്ടി വന്നു. അപകടം നടന്ന് ഏതാണ്ട് ആറ് മണിക്കൂറോളമാണ് ജെസ്നി ഹെലികോപ്റ്ററിനുള്ളിൽ കുടുങ്ങിക്കിടന്നത്. ബോധം വീണ്ടെടുത്തപ്പോൾ തന്റെ ഭർത്താവ് തൊട്ടടുത്ത് മരിച്ചുകിടക്കുന്നത് ജെസ്നി കണ്ടതായി ജോർജ്ജ് ഫിജി മാധ്യമങ്ങളോട് പ്രതികരിച്ചു. അവൾ കണ്ണ് തുറന്നപ്പോൾ കണ്ടത് ഡേവിന്റെ ശരീരം അവളുടെ നെഞ്ചിലേക്ക് ചായ്ഞ്ഞു കിടക്കുന്നതാണ്. അവനിൽ ചോരപ്പാടുകളുണ്ടായിരുന്നു, ശരീരം പൂർണ്ണമായും തണുത്തിരുന്നു. അവളൊരു നഴ്സ് ആയതുകൊണ്ട് തന്നെ ഡേവ് ഈ ലോകം വിട്ടുപോയെന്ന് അവൾക്ക് മനസ്സിലായിയെന്നാണ് ജോർജ്ജ് പ്രതികരിക്കുന്നത്. യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഈ അപകടത്തെക്കുറിച്ച് നിലവിൽ അന്വേഷണം നടത്തിവരികയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam