
ദില്ലി: എച്ച്1-ബി വീസ ഫീസ് വർധിപ്പിച്ച ട്രംപിൻ്റെ നടപടിക്ക് പിന്നാലെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മെറ്റ്, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികൾ. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികൾ, അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്ന എച്ച്1-ബി വീസ ഉടമകളോട് ഉടൻ മടങ്ങിവരാനും ആവശ്യപ്പെട്ടു.
ട്രംപ് സർക്കാരിൻ്റെ ഉത്തരവിൻ്റെ വിശദാംശങ്ങൾ ലഭ്യമാകുന്നത് വരെ എച്ച്-1ബി വീസയും എച്ച്4 വീസയും കൈവശമുള്ളവർ യുഎസിൽ തുടരണമെന്ന് മെറ്റ ഇമെയിൽ വഴി നിർദേശം നൽകി. അമേരിക്കയ്ക്ക് പുറത്ത് താമസിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ മടങ്ങിവരണമെന്നും മെറ്റ ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച്-1ബി വീസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ട്രംപ് സർക്കാർ ഉയർത്തിയത്. അമേരിക്കയിൽ ഈ വീസ കൈവശം വെച്ചിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് മാറ്റം പ്രതീക്ഷിച്ചിരിക്കുന്നവരെ അടക്കം ഇത് സാരമായി ബാധിക്കും. മൂന്ന് വർഷ കാലാവധിയുള്ള ഈ എച്ച്1-ബി വീസ ഫീസ് വർധിപ്പിക്കുന്നത് അമേരിക്കയിലെ തൊഴിലാളികൾക്ക് തൊഴിലവസരം ലഭ്യമാക്കാനാണെന്ന് ട്രംപ് സർക്കാർ വിശദീകരിക്കുന്നു.
കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം അമേരിക്കയിലെ എച്ച്-1ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. അംഗീകൃത എച്ച്1-ബി വീസ ഉടമകളിൽ 71% പേരും ഇന്ത്യക്കാരാണ്. പട്ടികയിൽ രണ്ടാമത് ചൈനയാണ്. 11.7 ശതമാനം പേർ ചൈനയിൽ നിന്നാണെന്നാണ് കഴിഞ്ഞ വർഷത്തെ കണക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam