ഇന്ത്യയുടെ സ്വപ്നപദ്ധതി! ചെലവ് 40,000 കോടി രൂപ, പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം; ഒമാന്‍- ഗുജറാത്ത് സമുദ്ര വാതക പൈപ്പ്ലൈന്‍ ചർച്ചകൾ സജീവം

Published : Jun 09, 2026, 07:21 PM IST
Sea Gas Pipeline

Synopsis

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് അറബിക്കടലിനടിയിലൂടെ വാതക പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള പദ്ധതി വീണ്ടും സജീവമാകുന്നു. ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ഉയർന്ന ചെലവും സാങ്കേതിക വെല്ലുവിളികളും കാരണം പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുകയായിരുന്നു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണമുള്ള ഊര്‍ജ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി വീണ്ടും സജീവമാകുന്നു. ഒമാനില്‍ നിന്ന് അറബിക്കടലിനടിയിലൂടെ ഗുജറാത്തിലേക്ക് ഏകദേശം 2,000 കിലോമീറ്റര്‍ നീളമുള്ള വാതക പൈപ്പ്ലൈന്‍ സ്ഥാപിക്കാനാണ് നീക്കം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഈ പദ്ധതിയുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ചെലവും സാങ്കേതിക ബുദ്ധിമുട്ടുകളും കാരണം ഇത് കടലാസിലൊതുങ്ങുകയായിരുന്നു. എന്നാല്‍ ഭാവിയിലെ ഊര്‍ജ സുരക്ഷ മുന്‍നിര്‍ത്തി ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. വര്‍ഷങ്ങളായി ഈ പദ്ധതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യ ഗ്യാസ് എന്റര്‍പ്രൈസ് , നിര്‍ദിഷ്ട പാതയിലെ സാങ്കേതിക വിലയിരുത്തലുകളും സമുദ്രത്തിന്റെ അടിത്തട്ടിലെ സര്‍വേകളും പൂര്‍ത്തിയാക്കിയതായി അറിയിച്ചിട്ടുണ്ട്.

എന്താണ് ഒമാന്‍- ഗുജറാത്ത് പൈപ്പ്ലൈന്‍ പദ്ധതി?

ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ലോകത്തിലെ തന്നെ ഏറ്റവും ആഴമേറിയ സമുദ്രപാതകളിലൊന്നിലൂടെ ഒമാനില്‍ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് നേരിട്ട് പ്രകൃതിവാതകം എത്തിക്കുന്നതാണ്. ഇത് യാഥാര്‍ഥ്യമായാല്‍, ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യയും തമ്മില്‍ നേരിട്ടുള്ള ഒരു ഊര്‍ജ ഇടനാഴി സൃഷ്ടിക്കപ്പെടും. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയായ ഹോര്‍മുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കും. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആഗോള ഊര്‍ജ വിപണിയെ ബാധിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പദ്ധതിക്ക് വലിയ പ്രസക്തിയുണ്ട്.

പൈപ്പ്ലൈനിന്റെ പ്രത്യേകതകള്‍

മിഡില്‍ ഈസ്റ്റ്- ഇന്ത്യ ഡീപ് വാട്ടർ പൈപ്പ്ലൈന്‍ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇത് അറബിക്കടലിനടിയിലൂടെ ഒമാനെ നേരിട്ട് ഗുജറാത്തുമായി ബന്ധിപ്പിക്കും. സമുദ്രനിരപ്പില്‍ നിന്ന് 3,000 മീറ്ററിലധികം ആഴത്തിലാണ് ഇതിന്റെ ചില ഭാഗങ്ങള്‍ കടന്നുപോകുന്നത്. മറ്റ് പല പദ്ധതികളേക്കാളും ആഴമുള്ളതിനാല്‍ ഇതിന് അതീവ നൂതനമായ സാങ്കേതികവിദ്യ ആവശ്യമാണ്. 30 വര്‍ഷത്തിലേറെയായി ഒമാനും ഇന്ത്യയ്ക്കും ഇടയില്‍ നേരിട്ടൊരു ഊര്‍ജ കണക്ടിവിറ്റി എന്ന ആശയം നിലവിലുണ്ട്. എന്നാല്‍ ഉയര്‍ന്ന ചെലവും സാങ്കേതിക പരിമിതികളും കാരണം ഇത് മുന്നോട്ട് പോയില്ല. എന്നാല്‍ സാങ്കേതികവിദ്യയിലുണ്ടായ പുരോഗതിയും ഊര്‍ജ സുരക്ഷയുടെ പ്രാധാന്യവും ഈ പദ്ധതിക്ക് പുതുജീവന്‍ നല്‍കി. സേജ് നല്‍കിയ പ്രാഥമിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ സാധ്യതാ പഠനം നടത്താന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഗെയ്ല്‍ , എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ഒമാനുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.

മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍

പദ്ധതി തന്ത്രപരമായി വളരെ മികച്ചതാണെങ്കിലും, നിരവധി കടമ്പകള്‍ മറികടക്കേണ്ടതുണ്ട്. 3,000 മീറ്റര്‍ ആഴത്തില്‍ നിര്‍മാണം നടത്തുകയെന്നത് വളരെ കഠിനമാണ്. മര്‍ദ്ദം, പ്രതികൂലമായ സമുദ്രത്തിന്റെ അടിത്തട്ട് എന്നിവ വലിയ വെല്ലുവിളിയാണ്. എന്തെങ്കിലും ചോര്‍ച്ചയോ തകരാറോ ഉണ്ടായാല്‍ അത് പരിഹരിക്കുന്നത് വളരെ ബുദ്ധിമുട്ടും ചെലവേറിയതുമായിരിക്കും. 40,000 കോടി രൂപ എന്നത് വെറുമൊരു പ്രാഥമിക കണക്കാണ്. വലിയ പദ്ധതികള്‍ക്ക് കാലതാമസം നേരിടുമ്പോള്‍ ചെലവും കൂടും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വാതകവിലയും ഗതാഗതച്ചെലവും ഇതില്‍ നിര്‍ണായകമാണ്. ഇത്രയും വലിയ തുക ആര് മുടക്കും, ചെലവുകള്‍ എങ്ങനെ പങ്കിടും എന്നത് വലിയൊരു ചോദ്യമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
സംഘർഷത്തിൽ കൊല്ലപ്പെട്ടത് 30 ലേറെ പേർ, ഇരുനൂറോളം പേർക്ക് പരിക്ക്; പാക് അധീന കശ്മീരിൽ ഇന്‍റർനെറ്റ് കട്ട് ചെയ്തു, കടുത്ത നിയന്ത്രണം, ഹർത്താൽ തുടരുന്നു