
മസ്‌കറ്റ്: പാകിസ്ഥാനിലെ കാരക്കോറം പർവതനിരയിലെ ബ്രോഡ് പീക്കിലുണ്ടായ മാരകമായ മഞ്ഞിടിച്ചിലിൽ ഒമാന്‍റെ പ്രശസ്ത പർവതാരോഹകയായ നദീറ അൽ ഹാർത്തി മരിച്ചു. ഒമാൻ സ്വദേശിനിയായ നദീറയുടെ മരണം പാകിസ്ഥാനിലെ ആൽപൈൻ ക്ലബ്ബും രക്ഷാപ്രവർത്തക സംഘവും സ്ഥിരീകരിച്ചു. അപകടത്തിൽ അന്താരാഷ്ട്ര പർവതാരോഹക സംഘത്തിലെ നിരവധി പേരാണ് മരിച്ചത്.
എവറസ്റ്റ് കീഴടക്കിയ ആദ്യ ഒമാൻ വനിത എന്ന നേട്ടത്തിലൂടെ ചരിത്രം സൃഷ്ടിച്ച നദീറ അൽ ഹാർത്തി, പിന്നീട് ലോകത്തിലെ 8,000 മീറ്ററിലധികം ഉയരമുള്ള നിരവധി കൊടുമുടികളും കീഴടക്കി. കെ-2, നംഗാപർബത് ഉൾപ്പെടെയുള്ള അതിദുഷ്കരമായ പർവതങ്ങൾ കീഴടക്കിയ അവർ ഒമാനിലെ യുവതലമുറയ്ക്ക് പ്രചോദനമായ വ്യക്തിത്വമായിരുന്നു. ബ്രോഡ് പീക്കിലേക്കുള്ള ദൗത്യത്തിനിടെയാണ് ശക്തമായ മഞ്ഞിടിച്ചിൽ ഉണ്ടായത്. അപകടത്തെ തുടർന്ന് വ്യാപകമായ തെരച്ചിലും രക്ഷാപ്രവർത്തനവും നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ ദൗത്യത്തെ സാരമായി ബാധിച്ചു. പിന്നീട് നദീറ ഉൾപ്പെടെയുള്ള പർവതാരോഹകരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. നദീറ അൽ ഹാർത്തിയുടെ വിയോഗത്തിൽ ഒമാനിലുടനീളം അനുശോചന പ്രവാഹമാണ്. ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായിരുന്ന നദീറയുടെ ജീവിതവും നേട്ടങ്ങളും ഒമാന്റെ കായിക-സാഹസിക ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam