സൗദി അറേബ്യയ്ക്ക് 48 എഫ്-35 സ്റ്റെൽത്ത് പോർവിമാനങ്ങൾ വിൽക്കാൻ യുഎസ് വിദേശകാര്യ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകി. 24.3 ബില്യൺ ഡോളറിന്റെ ഈ പ്രതിരോധ ഇടപാട് മധ്യപൂർവേഷ്യയിലെ സൈനിക സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.
വാഷിംഗ്ടൺ: സൗദി അറേബ്യയ്ക്ക് അത്യാധുനിക അമേരിക്കൻ നിർമ്മിത എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനുള്ള നിർദ്ദേശത്തിന് യുഎസ് വിദേശകാര്യ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകി. ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന 48 എഫ്-35 വിമാനങ്ങളും പ്രാറ്റ് ആൻഡ് വിറ്റ്‌നി എഞ്ചിനുകളും അനുബന്ധ പ്രതിരോധ സാങ്കേതിക വിദ്യകളും അടങ്ങുന്നതാണ് ഈ ഇടപാട്. മധ്യപൂർവേഷ്യൻ മേഖലയിൽ തങ്ങളുടെ ഏക സഖ്യകക്ഷിയായ ഇസ്രായേലിന് നിലവിൽ ലഭിച്ചുവരുന്ന സൈനിക മേധാവിത്വത്തെ ഈ നീക്കം സ്വാധീനിക്കുമെന്നതിനാൽ അമേരിക്കൻ നയതന്ത്ര രംഗത്ത് ഇതൊരു വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
48 പോർവിമാനങ്ങളും 49 എഞ്ചിനുകളും അടങ്ങുന്ന 24.3 ബില്യൺ ഡോളറിന്‍റെ വിൽപനയ്‌ക്കാണ് അനുമതി. കരാറിന് യുഎസ് കോൺഗ്രസ്സിന്റെ അന്തിമ അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിലവിൽ മിഡിൽ ഈസ്റ്റിൽ എഫ്-35 വിമാനങ്ങൾ സ്വന്തമായുള്ള ഒരേയൊരു രാജ്യം ഇസ്രയേലാണ്. സൗദിക്കും ഈ സാങ്കേതികവിദ്യ നൽകുന്നത് മേഖലയിലെ പ്രതിരോധ ശേഷിയിൽ വലിയ പ്രതിഫലനമുണ്ടാക്കും. റിയാദുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ഈ ഇടപാടിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
ഇറാന്‍റെ ഭീഷണിയെ ചെറുക്കാനും വിഷൻ 2030-ന്‍റെ ഭാഗമായി വ്യോമസേനയെ ആധുനികവൽക്കരിക്കാനും സൗദി ലക്ഷ്യമിടുന്നു. വാഷിംഗ്ടണിലെ സൗദി എംബസി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. അതേസമയം, സൗദിയുമായുള്ള വൻകിട ആയുധ ഇടപാടുകളിൽ യു എസ് കോൺഗ്രസ്സിലെ ചില ജനപ്രതിനിധികൾ ആശങ്ക ഉയർത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


