റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ഇന്ത്യയും ചൈനയും രംഗത്ത്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.

ദില്ലി: നൂറു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ശക്തമായ വികാരം അറിയിക്കാൻ ഇന്ത്യ. അടുത്ത ആഴ്ച വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കയിൽ നടത്തുന്ന ചർച്ചകളിൽ ഇക്കാര്യം ഉന്നയിക്കും. ഇന്ത്യയുടെ നിലപാടിനോട് യോജിച്ച ചൈനയും രം​ഗത്തെത്തി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ദേശീയ മുൻഗണനകളുടെ അടിസ്ഥാനത്തിലാണെന്ന് വിശദീകരിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾക്ക് 100% തീരുവ ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ല് യുഎസ് കോൺഗ്രസ് ഇന്നലെ പാസാക്കിയിരുന്നു. ബില്ലിനോട് കടുത്ത അതൃപ്തിയാണ് ഇന്ത്യയും ചൈനയും പ്രകടിപ്പിക്കുന്നത്. ഇന്നലെ വിദേശകാര്യ മന്ത്രാലയം ഈ നീക്കം ഉപേക്ഷിക്കണം എന്ന മുന്നറിയിപ്പ് അമേരിക്കയ്ക്ക് നൽകിയിരുന്നു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും യുഎസ് നീക്കത്തെ പരസ്യമായി തള്ളി. ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ജനങ്ങളുടെ ഊർജ്ജ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് വിനയ് മോഹൻ ക്വാത്ര ചൂണ്ടിക്കാട്ടി.

ഇപ്പോഴും ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം അമേരിക്കയിലുള്ളതിന്റെ പത്തിലൊന്ന് മാത്രമാണെന്നും ഇന്ത്യൻ അംബാസഡർ പറഞ്ഞു. അതിനാൽ കൂടുതൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താനും ഊർജ്ജ ലഭ്യത ഇനിയും കൂട്ടാനും ഇന്ത്യക്ക് അവകാശമുണ്ടെന്ന് അംബാസഡർ വ്യക്തമാക്കി. അമേരിക്കയുടെ ഒരു താരിഫ് നീക്കത്തിന് ഇന്ത്യ ഇത്ര വേഗം ശക്തമായി പ്രതികരിക്കുന്നത് അസാധാരണമാണ്. ബ്രിക്സ് ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യവും ഇതിനുള്ള ഇടം ഇന്ത്യക്ക് നൽകുകയാണ്. അമേരിക്കൻ നിർദ്ദേശത്തിൽ കടുത്ത അതൃപ്തി ചൈനയും അറിയിച്ചു. എവിടെനിന്ന് എണ്ണ വാങ്ങണം എന്ന് മറ്റു രാജ്യങ്ങൾ നിർദ്ദേശിക്കേണ്ടതില്ലെന്ന് ചൈന വ്യക്തമാക്കി.

അതേസമയം റഷ്യ-യുക്രൈൻ യുദ്ധം നിർത്താനുള്ള അമേരിക്കൻ നീക്കത്തെ പിന്തുണയ്ക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനായി അടുത്തയാഴ്ച വിദേശകാര്യമന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലെത്തും. ഈ സമയത്ത് നടക്കുന്ന ചർച്ചകളിലും പിന്നീട് മാർക്കോ റൂബിയോയുടെ ഇന്ത്യൻ സന്ദർശന വേളയിലും അധിക താരിഫ് ഏർപ്പെടുത്താനുള്ള അമേരിക്കൻ ബില്ലിൽ കടുത്ത വിയോജിപ്പ് ഇന്ത്യ അറിയിക്കാനാണ് സാധ്യത. കഴിഞ്ഞ മാസം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിൽ 51 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. 70,000 കോടിയോളം രൂപയാണ് ഇതിനായി ഇന്ത്യ റഷ്യക്ക് നൽകിയതെന്നും ഇന്ന് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു.