
ഫ്രാങ്ക്ഫർട്ട്: പാസ്‌പോർട്ട് പ്രത്യേകാവകാശത്തെക്കുറിച്ച് (passport privilege) വലിയ ചര്‍ച്ചകൾക്ക് തുടക്കമിട്ട് ഇന്ത്യൻ യുവതിയുടെ വീഡിയോ. ന്യൂയോർക്ക് നഗരത്തിൽ താമസിക്കുന്ന അനീഷ അറോറ എന്ന യുവതിയുടെ വീഡിയാണ് ആണ് സോഷ്യൽ മീഡിയയിൽ പാസ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചകൾക്ക് കാരണമായിട്ടുള്ളത്. ജർമ്മൻ വിമാനത്താവളത്തിലെ ഇടുങ്ങിയ ഹോട്ടൽ മുറിയിൽ നിന്നുള്ളതാണ് വീഡിയോ. വിമാനം വൈകിയതിനാൽ ഫ്രാങ്ക്ഫർട്ടിൽ നിന്ന് കണക്ഷൻ വിമാനത്തിൽ അനീഷയ്ക്ക് യാത്ര ചെയ്യാനായില്ല.
അമേരിക്കൻ പാസ്‌പോർട്ടുകളുള്ള സഹയാത്രികർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസവും സൗജന്യ ഭക്ഷണവും ലഭിച്ചപ്പോൾ, തനിക്ക് 'ക്യാപ്സ്യൂൾ വലുപ്പമുള്ള' ഒരു മുറിയാണ് ലഭിച്ചതെന്ന് അനീഷ വീഡിയോയിൽ പറയുന്നു. ഇതിന് കാരണം തന്‍റെ ഇന്ത്യൻ പാസ്‌പോർട്ടും ഷെഞ്ചൻ വിസ ഇല്ലാത്തതുമാണെന്നുമാണ് അനീഷ പറയുന്നത്. ഷെഞ്ചൻ വിസ ഇല്ലാത്തതുകൊണ്ട് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെന്നും, അതേസമയം യുഎസ് പാസ്‌പോർട്ടുള്ള യാത്രക്കാർക്ക് നീണ്ട ലേഓവർ സമയത്ത് ജർമ്മനി ചുറ്റിക്കാണാൻ കഴിഞ്ഞുവെന്നും അവർ പറയുന്നു.
ഈ സംഭവം ലോകമെമ്പാടുമുള്ള പാസ്‌പോർട്ടിന്‍റെ മൂല്യത്തെക്കുറിച്ചും വിസ നിയമങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. "എന്‍റെ സ്ഥാനത്ത് ഒരു യുഎസ് പൗരൻ ആയിരുന്നെങ്കിൽ സന്തോഷിച്ചേനെ. അവർക്ക് എല്ലാം സൗജന്യമായി ലഭിച്ചു. ഒരു പുതിയ രാജ്യം ചുറ്റിക്കറങ്ങാൻ 20 മണിക്കൂറും കിട്ടി. പക്ഷേ ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളതുകൊണ്ട് എനിക്കതിന് കഴിഞ്ഞില്ല" അനീഷ പറഞ്ഞു.
അനീഷയുടെ വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. "നിങ്ങൾക്ക് കിടക്കയും ഫോൺ ചാർജ് ചെയ്യാനുള്ള സ്ഥലവും കിട്ടിയല്ലോ? അതിൽ കൂടുതൽ എന്താണ് വേണ്ടത്? നന്ദിയുള്ളവരായിരിക്കുക," ഒരു ഉപയോക്താവ് കമന്‍റ് ചെയ്തു. "സാരമില്ല. പാസ്‌പോർട്ട് റാങ്കിംഗിൽ നമ്മൾ 80-ാം സ്ഥാനത്താണ്. കാര്യങ്ങൾ നന്നായി പോയാൽ നമ്മൾ ഉടൻ 100-ാം സ്ഥാനത്ത് എത്തും" മറ്റൊരു ഉപയോക്താവ് പരിഹാസം കലര്‍ത്തി കമന്‍റ് ചെയ്തു. ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് പ്രകാരം, ഇന്ത്യ 85-ാം സ്ഥാനത്താണ്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്താണ്. അതായത് യുഎസ് പാസ്‌പോർട്ട് ഉപയോഗിച്ച് ലോകത്തെ കൂടുതൽ രാജ്യങ്ങളിൽ വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam