
ന്യൂയോർക്ക്: കരീബിയനിലേക്ക് അമേരിക്കയുടെ അത്യാധുനിക വിമാന വാഹിനി കപ്പൽ കൂടിയെത്തുന്നു. വെള്ളിയാഴ്ചയാ് പെൻറഗൺ ഇക്കാര്യം വിശദമാക്കിയത്. മയക്കുമരുന്ന് കാർട്ടലുകളുമായി ട്രംപ് നേരിട്ട് ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം വലിയ രീതിയിലുള്ള സൈനിക വിന്യാസമാണ് കരീബിയൻ തീരത്ത് അമേരിക്ക നടത്തുന്നത്. ഇതിൽ ഏറ്റവും പുതിയതാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് വെനസ്വലയുടെ തീരത്തേക്ക് നീങ്ങുമെന്നുള്ള പെൻറഗൺ അറിയിപ്പ്. അമേരിക്കയുടെ നാവിക സേനയിലെ വിമാനവാഹിനി കപ്പലുകളിലെ പ്രധാനിയാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്. ഇതിനൊപ്പം തന്നെ യുദ്ധ വിമാനങ്ങളും നിരീക്ഷണ വിമാനങ്ങളും മേഖലയിലേക്ക് എത്തുമെന്നാണ് പെൻറഗൺ വിശദമാക്കിയത്. ലഹരിമരുന്നുകളുമായി എത്തുന്നതെന്ന് ആരോപിക്കപ്പെടുന്ന ചെറു കപ്പലുകൾക്കും ബോട്ടുകൾക്കും നേരെ സൈന്യത്തിന്റെ മാരകായുധങ്ങൾ പ്രയോഗിക്കാനാണ് കരീബിയൻ തീരത്ത് ട്രംപിന്റെ നീക്കം.
വെനസ്വേലയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ആക്രമിക്കാനുള്ള യുഎസിന്റെ കഴിവും ആക്രമണ ശക്തിയും വർദ്ധിപ്പിക്കുന്ന ഡസൻ കണക്കിന് എഫ്-18 സൂപ്പർ ഹോർനെറ്റ് ജെറ്റുകളാണ് ഈ വിമാനവാഹിനിയിലുള്ളത്. ഡ്രോണുകൾ ഉപയോഗിച്ച് കരയിലെ ലക്ഷ്യങ്ങൾ നശിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ പ്രത്യേക പ്രവർത്തനങ്ങൾക്ക് ഇത് വഴിയൊരുക്കുമെന്നാണ് സേനാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. അതേസമയം യുദ്ധത്തിൽ ഏർപ്പെടില്ലെന്ന് വാഗ്ദാനം ചെയ്ത ശേഷം യുദ്ധം കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണ് അമേരിക്കയുടേതെന്നാണ് വെനസ്വെലൻ പ്രസിഡന്റാണ് നിക്കൊളാസ് മദുറോ വിമർശിച്ചത്.
ആഴ്ചകളായി ലഹരി മരുന്ന് കാർട്ടലുകൾക്കെതിരായി ട്രംപ് ഭരണകൂടം ശക്തമായ ആക്രമണമാണ് കരീബിയൻ മേഖലയിൽ നടത്തുന്നത്. ഇതിനോടകം 9 ബോട്ടുകളാണ് അമേരിക്ക ലഹരിമരുന്ന് കടത്ത് ആരോപിച്ച് തകർത്തത്. വ്യാഴാഴ്ച വൈറ്റ് ഹൗസിൽ വച്ച് നടത്തിയ പത്ര സമ്മേളനത്തിൽ അടുത്ത ഘട്ടത്തിൽ കരയിലെ ലക്ഷ്യങ്ങളിലേക്കും ആക്രമണം നടക്കുമെന്ന് ട്രംപ് വിശദമാക്കിയിരുന്നു. എന്നാൽ ഏതെല്ലാം രാജ്യങ്ങൾക്ക് നേരെയാവും ആക്രമണമെന്നത് ട്രംപ് വിശദമാക്കിയിട്ടില്ല.