അമേരിക്കയുമായുള്ള നിർണായക ആണവ ചർച്ചകളുടെ വേദി തുർക്കിയിൽ നിന്ന് ഒമാനിലേക്ക് മാറ്റാൻ ഇറാൻ നിർദ്ദേശിച്ചതായി റിപ്പോർട്ട്. മുൻപ് വിജയകരമായി ചർച്ചകൾക്ക് വേദിയായ ചരിത്രമുള്ള ഒമാനെ ഇറാൻ പരിഗണിക്കുമ്പോൾ, ഈ ആവശ്യം അമേരിക്ക അംഗീകരിക്കുമോ എന്നത് കണ്ടറിയണം

മസ്കറ്റ്: അമേരിക്കയും ഇറാനും തമ്മിലുള്ള അതി നിർണായകമായ ആണവ ചർച്ചകൾ ഒമാനിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇറാനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നേരത്തെ ചർച്ചകൾക്കായി തുർക്കിയെയായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും, മുൻപ് പലതവണ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്ക് ഒമാൻ വിജയകരമായി വേദിയായിട്ടുള്ളത് പരിഗണിച്ചാണ് ഇറാൻ്റെ ഈ നീക്കം. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ചതിന് പിന്നാലെ ചർച്ചാ വേദി മാറ്റണമെന്ന ഇറാൻ്റെ ആവശ്യം അമേരിക്ക അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ചർച്ചകളുടെ ഭാവി.

YouTube video player

നിലപാട് പ്രഖ്യാപിച്ച് ഖമനേയി

അമേരിക്കയുമായുള്ള ആണവ ചർച്ചകളിലേക്ക് ഇറാൻ കടക്കുകയാണെന്ന പ്രതീക്ഷകൾക്കിടയിൽ രാജ്യത്തിന്‍റെ നിലപാട് പ്രഖ്യാപിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഇന്നലെ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് അറിയിച്ചത്. ആണവ ചർച്ചയിൽ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആണവ ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനൽകിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ. അമേരിക്കയുമായി ആണവ ചർച്ച നടക്കുകയാണെങ്കിൽ ഇക്കാര്യം മുൻ നിർത്തിയുള്ള നിലപാടാകും ഇറാൻ സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്. യുറേനിയത്തിന്‍റെ കാര്യത്തിൽ ഇറാൻ നിലപാട് കടുപ്പിച്ചതോടെ ആണവ ചർച്ച തുടങ്ങും മുന്നേ പ്രതിസന്ധിയിലാകുമോ എന്നത് കണ്ടറിയണം.

ആണവ ചർച്ചകളിലേക്ക് കടക്കുമോ?

അമേരിക്കയുമായി ആണവ ചർച്ചകളിലേക്ക് കടക്കുമെന്നാണ് നേരത്തെ ഇറാൻ പ്രഖ്യാപിച്ചത്. ഉചിതമായ സാഹചര്യം ഉരുത്തിരിഞ്ഞാൽ ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രിയെ ഇതിനായി ചുമതലപ്പെടുത്തിയെന്നും ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്താംബുളിലായിരിക്കും ചർച്ചകൾ നടക്കുകയെന്നാണ് സൂചന. മിഡിൽ ഈസ്റ്റിലെ പ്രധാന അറബ് - ഇസ്ലാമിക് രാഷ്ട്രങ്ങൾ ചർച്ചയിൽ പങ്കെടുക്കും. ഇറാന്റെ ആണവ പദ്ധതി തന്നെയാകും പ്രധാന ചർച്ച. സമ്പുഷ്ടീകരിച്ച യുറേനിയം അടിയറ വെക്കുന്ന പ്രശ്നമില്ലെന്ന നിലപാടിൽ നിന്ന് ഇറാൻ പിന്മാറില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചിയും യു എസ് മിഡിൽ ഈസ്റ്റ് പ്രസിതിനി സ്റ്റീവ് വിറ്റ്കോഫും തമ്മിലാകും ചർച്ചകൾ. ഈജിപ്തും സൗദിയും തുർക്കിയുമായും ഇറാൻ വിദേശകാര്യമന്ത്രി ഇതിനകം സംസാരിച്ചു കഴിഞ്ഞതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.