
ദോഹ: ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിലെ പ്രതികരണങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. ഇസ്രയേലിനെ അവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്മൂലന യുദ്ധം വിജയിക്കാൻ പോകുന്നില്ലെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. അറബ്-മുസ്‌ലിം ഉച്ചകോടിയുടെ നിർണായക യോഗം നാളെ നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അറബ് രാഷ്ട്ര നേതാക്കൾ ദോഹയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി നാളെ നടക്കും. ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഒരു കൂടിക്കാഴ്ച ദോഹയിൽ നടന്നത്. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള കരടു പ്രമേയം ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇത് നാളെ നടക്കുന്ന ഉച്ചകോടിയിൽ അവതരിപ്പിക്കുകയും ചെയ്യും. സൗദി, തുർക്കി, പാകിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്.
അതേസമയം, ദോഹയിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അമേരിക്ക സന്തോഷിക്കുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. എന്നാൽ, ഇസ്രായേലുമായുള്ള തങ്ങളുടെ ബന്ധം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, യുഎൻ രക്ഷാസമിതിയുടെ ആക്രമണത്തെ അപലപിക്കുന്ന പ്രസ്താവനയിൽ അമേരിക്കയും പങ്കാളിയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam