പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‍യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞു.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്കും സെക്രട്ടറിയേറ്റിലേക്കും കെഎസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. 17 പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകരർ പിരിഞ്ഞു പോയില്ല. സമരക്കാര്‍ സെക്രട്ടറിയേറ്റിലേക്ക് ചാടികടക്കാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശി. സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അടക്കം 12 പേരെ അറസ്റ്റ് ചെയ്തു. കെഎസ് യുക്കാരെ മുഖംമൂടി ധരിപ്പിച്ചതിനും പൊലീസ് മൂന്നാം മുറയ്ക്കും എതിരെയായിരുന്നു നിയമസഭാ മാര്‍ച്ച് . പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോള്‍ പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ സമരം കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.

വീണ്ടും ബാരിക്കേഡ് മറികടക്കാൻ ശ്രമം നടത്തിയ സമരക്കാര്‍ പൊലീസിന് നേരെ കല്ലേറും നടത്തി. തുടര്‍ന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് നീങ്ങിയ സമരക്കാര്‍ യൂ ണിവേഴ്സിറ്റി കോളജിന് മുന്നിൽ മുഖ്യമന്ത്രിയുടെയും എസ്എഫ്ഐയുടെയും ഫ്ലക്സുകള്‍ നശിപ്പിച്ചു. റോഡിൽ വച്ചിരുന്ന പ്ലാസ്റ്റിക്ക് ബാരിക്കേഡുമായി നീങ്ങി. ബാരിക്കേഡ് സെക്രട്ടറിയേറ്റിനുള്ളിലേക്ക് വലിച്ചെറിഞ്ഞ ശേഷം മതിൽ ചാടികടക്കാൻ ശ്രമം നടത്തി. കസ്റ്റഡിയിലെടുക്കുന്നതിനിടെയും സംഘര്‍ഷമുണ്ടായി. രണ്ട് വനിതാ പ്രവർത്തകരെ ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായത് . ഒന്നരമണിക്കൂറോളം നഗരം യുദ്ധക്കളമായിരുന്നു.