രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഓൺലൈനായി വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തികളെ നേരിട്ട് കേൾക്കാതെ ഓൺലൈനായി രാഹുൽഗാന്ധി പറഞ്ഞത് പോലെ വോട്ട് ഒഴിവാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഓൺലൈനായി വോട്ട് ഒഴിവാക്കുന്നതിനുള്ള സാധ്യതയില്ല. വോട്ടറിനെ കേൾക്കാതെ വോട്ട് ഒഴിവാക്കുന്ന നടപടി പൂർത്തീകരിക്കാനുമാകില്ല. രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്ന ഈ ആക്ഷേപം 2023ലെ നിയമസഭ തെരഞ്ഞെടുപ്പിലേതാണ്. അന്ന് ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടഞ്ഞിരുന്നെന്നും കമ്മീഷൻ വ്യക്തമാക്കി. അതിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുൽ ഗാന്ധി
വോട്ട് ചോരിയിൽ കർണ്ണാടകയിൽ നിന്ന് തന്നെ മറ്റൊരു ഉദാഹരണമാണ് രാഹുൽ ഗാന്ധി വാർത്ത സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചത്. ആദ്യം മഹാദേവപുരയിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ചേർത്തതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. അന്ന് രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവ് ചോദിച്ചിരുന്നു. ഇപ്പോൾ കർണാടകയിലെ തന്നെ അലന്ദ് മണ്ഡലത്തിൽ 6018 വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വോട്ടർ അറിയാതെയാണ് അവരുടെ പേരുകൾ നീക്കം ചെയ്തതെന്നാണ് രാഹുൽ ഗാന്ധി ആക്ഷേപം ഉന്നയിച്ചത്. തന്റെ അമ്മാവന്റെ വോട്ട് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തത് അവിടുത്തെ ഒരു ബൂത്ത് ലെവൽ ഓഫീസറിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ കണ്ടെത്തലുകൾ പുറത്തുവന്നത്. കൂടുതൽ പരിശോധനയിൽ അയൽവാസിയായ ഒരാൾ നീക്കം ചെയ്യുകയായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, അയാളോട് ഇക്കാര്യം അന്വേഷിച്ചപ്പോൾ അയാൾക്കത് അറിവില്ലെന്നും വ്യക്തമാകുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ വ്യക്തമായ കണ്ടെത്തലുകളാണ് രാഹുൽ ഗാന്ധി ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
ഗോദാഭായിയെന്ന വോട്ടർക്ക് തൻ്റെ വോട്ട് ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് രാഹുൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സൂര്യകാന്തിനേയും രാഹുൽ വാർത്താ സമ്മേളന വേദിയിൽ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് സൂര്യകാന്ത് പറഞ്ഞു. ഗോദാബായിയുടെ വിവരങ്ങൾ ഉപയോഗിച്ചും വോട്ടുകൾ ഒഴിവാക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാജ ലോഗിനുകൾ ഉപയോഗിച്ച് കർണ്ണാടത്തിന് പുറത്ത് നിന്നുള്ള കോൾ സെൻ്ററുകൾ വഴിയാണ് വോട്ടുകൾ ഒഴിവാക്കുന്നത്. ഇക്കാര്യത്തിൽ കർണാടകയിൽ കേസെടുത്തിട്ടുണ്ടെന്നും രാഹുൽ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വിവരങ്ങൾ തേടി സർക്കാർ 18 കത്തുകൾ തെരഞെടുപ്പ് കമ്മീഷന് നൽകി. എന്നാൽ, വിവരങ്ങൾ നൽകാൻ കമ്മീഷൻ തയ്യാറായില്ലെന്നും ഇക്കാര്യത്തിൽ ഗ്യാനേഷ് കുമാർ മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.



