പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രി പറയുന്ന 144 പേരുടെയും പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
തിരുവനന്തപുരം : സംസ്ഥാനത്ത് എൽഡിഎഫ് കാലത്ത് 144 പൊലീസുകാരെ പിരിച്ചു വിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമെന്ന് മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല വ്യക്തമാക്കി. 50 ൽ താഴെ ആള്‍ക്കാരെ പിരിച്ചുവിട്ടിട്ടുള്ളുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത്. ആയതിനാൽ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രി പറയുന്ന 144 പേരുടെയും പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല വെല്ലുവിളിച്ചു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. 61 പേരെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പിരിച്ചുവിട്ടു. ദീർഘകാലമായി ജോലിക്ക് വരാത്തവരെയാണ് പിണറായി പിരിച്ചു വിട്ടത്. അച്ചടക്കം ലംഘിച്ച ആരെയും പിരിച്ചുവിട്ടിട്ടില്ല. നിലവിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ആഭ്യതര വകുപ്പിൽ പ്രധാന ചുമതല നൽകുന്ന സ്ഥിതിയാണ്. കളങ്കിതരെ പിണറായി വിജയന്റെ കാലത്ത് സംരക്ഷിക്കുന്നു.
ശിവഗിരി, മുത്തങ്ങ, മാറാട് എല്ലാം ക്രമസമാധാന പ്രശ്നമുണ്ടായപ്പോൾ നടത്തിയത് സ്വാഭാവിക പൊലീസ് നടപടി മാത്രമാണ്. ക്ഷമ ചോദിച്ചത് എകെ ആന്റണിയുടെ മഹത്തായ നടപടിയാണ്. എൽഡിഎഫ് കാലത്ത് 16 കസ്റ്റഡി മരണങ്ങൾ നടന്നു. ഇതിൽ ഒരു നടപടിയും പൊലീസ് പരാതി അതോരിറ്റി എടുത്തില്ല. അതോറിറ്റി നോക്കു കുത്തി മാത്രമാണ്. പിണറായിയുടെ കാലത്താണ് നാലു മാവോയിസ്റ്റുകളെ വെടി വെച്ചു കൊന്നത്. കേരളത്തിൽ ഇ എം എസ് സർക്കാരാണ് വെടിവയ്പ് തുടങ്ങിയതെന്നും ചെന്നിത്തല ആരോപിച്ചു. അങ്കമാലി ചന്ദനത്തോപ്പ് വെടിവെയ്പ് ഇ എം എസ് സർക്കാരാണ് നടത്തിയത്. നായനാരുടെ കാലത്താണ് മലപ്പുറത്ത് വെടിവയ്പ്പുണ്ടായത്. ഇതാണോ കൊളോണിയൽ കാലത്ത് നിന്നുളള പൊലീസ് മാറ്റമെന്നും ചെന്നിത്തല ചോദിച്ചു.
എ.കെ ആന്റണിക്കെതിരെ ആരോപണം ഉന്നയിച്ചത് നിർഭാഗ്യകരമാണ്. പൊലീസ് സ്റ്റേഷനിൽ പാർട്ടിക്കാർ പോകരുത് എന്നടക്കം പറഞ്ഞ മുഖ്യമന്ത്രിയാണ് ആന്റണി. മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഇടപെടാൻ നിയമപരമായ പരിമിതിയുണ്ട്. ഇ ചന്ദ്രശേഖരൻ സംസാരിക്കുമ്പോൾ സഭയിൽ താൻ ഉണ്ടായിരുന്നില്ല. ആന്റണിയെ പോലെ ഒരാളെ ആക്രമിക്കുമ്പോൾ പ്രതിരോധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിന്
ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിനുള്ളതാണ്. തെരഞ്ഞെടുപ് അടുത്തതിനാൽ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം നടത്തുന്നത്. സംഗമത്തിന് മുമ്പ് കൊണ്ടു പോയ സ്വർണം തിരികെ കൊണ്ടുവരണം. നാലു കിലോ സ്വർണം എവിടെയെന്ന് പറയണം. എൻ എസ് എസിനും എസ് എൻ ഡിപിക്കും പങ്കെടുക്കാൻ സ്വാത്രന്ത്ര്യമുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരായ കേസ് പിൻവലിച്ചില്ല. സംഗമം ഉത്ഘാടനം ചെയ്യുമ്പോൾ ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.

