
മോസ്കോ: ഇറാനെ ആക്രമിക്കാനുള്ള യുഎസ് നീക്കം തീക്കളിയാണെന്ന മുന്നറിയിപ്പുമായി റഷ്യ. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന്‍റെ മുന്നറിയിപ്പ്. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ ഈ നിർണ്ണായക ഇടപെടൽ. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ മുൻപ് നടന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മേഖലയിലെ ഒരു രാജ്യവും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഇത്തരം നീക്കങ്ങൾ തീക്കളി ആണെന്ന് ലാവ്‌റോവ് വിശേഷിപ്പിച്ചു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടത് ഉൾപ്പെടെ മേഖലയിൽ അടുത്ത കാലത്തുണ്ടായ പോസിറ്റീവ് മാറ്റങ്ങളെ അട്ടിമറിക്കാൻ മാത്രമേ പുതിയ സംഘർഷങ്ങൾ സഹായിക്കൂ. ഇറാൻ സമാധാനപരമായ ആണവ പദ്ധതിയാണ് ആഗ്രഹിക്കുന്നതെന്ന് റഷ്യ വിശ്വസിക്കുന്നു. ആണവ വ്യാപന നിരോധന കരാർ ലംഘിക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാസയിലെയും ഇറാനിലെയും വിഷയങ്ങളിൽ ചർച്ചകൾ തുടരുമ്പോഴും അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കുകയാണ്. മാർച്ച് പകുതിയോടെ യുഎസിന്‍റെ എല്ലാ യുദ്ധസജ്ജീകരണങ്ങളും പശ്ചിമേഷ്യയിൽ പൂർത്തിയാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആണവ പദ്ധതി ഉപേക്ഷിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോൾ, തങ്ങളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ ഇറാൻ - റഷ്യ സംയുക്ത നാവിക അഭ്യാസം ആരംഭിച്ചിട്ടുണ്ട്.
റഷ്യയുമായി കൂടുതൽ കൈകോർത്തുള്ള നീക്കത്തിനാണ് ഇറാന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് സംയുക്ത നാവികാഭ്യാസവും റഷ്യൻ പ്രകൃതി വാതകം വൻതോതിൽ വാങ്ങാനുമുള്ള തീരുമാനം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖലയിലും ഒമാൻ കടലിലുമാണ് ഇറാനും റഷ്യയും സംയുക്ത നാവികാഭ്യാസം നടക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര ഭീകരവാദത്തെ പ്രതിരോധിക്കുന്നതിനും വേണ്ടിയാണ് നാവിക ശക്തി പ്രകടമാക്കുന്നതെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam