യുക്രൈൻ തലസ്ഥാനമായ കീവ് വിടാൻ വിദേശ പൗരന്മാർക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് റഷ്യ വ്യക്തമാക്കി. 

മോസ്കോ: യുക്രൈനിലേക്ക് ആക്രമണം ശക്തമാക്കുമെന്നും വിദേശി പൌരന്മാർ കീവ് വിടണമെന്നും റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ റഷ്യൻ വിദേശകാര്യമന്ത്രാലയം, വിദേശ പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും കീവ് വിടണമെന്നും നിർദ്ദേശിച്ചു.

Add Asianetnews as a Preferred SourcegooglePreferred

യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് യുക്രൈൻ തലസ്ഥാനത്ത് നടത്തിയതിന് ശേഷമാണ് റഷ്യയുടെ പ്രതികരണം. മൂന്ന് ദിവസത്തിനിടെ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും പുതിയ മധ്യദൂര ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ഓറെഷ്നിക് ഉപയോഗിച്ചായിരുന്നു ആക്രമണം. 100 ൽഅധികം മിസൈലുകളും ആറൂന്നൂറോളം ഡ്രോണുകളും റഷ്യ ആക്രമണത്തിന് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്.

റഷ്യൻ അധിനിവേശത്തിലുള്ള ലുഹാൻസ്ക് മേഖലയിലെ സ്റ്റാരോബിൽസ്കിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടതാണ് തങ്ങളെ ഈ കടുത്ത നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് മോസ്കോ വ്യക്തമാക്കി.

റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം സൈനിക കമാൻഡ് പോസ്റ്റുകൾ, തന്ത്രപ്രധാന തീരുമാനങ്ങൾ എടുക്കുന്ന കേന്ദ്രങ്ങൾ, പ്രതിരോധ വ്യവസായ ശാലകൾ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഡ്രോണുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതുമായ നഗര കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

കീവിലെ ജനവാസ കേന്ദ്രങ്ങളിലും വാണിജ്യ മേഖലകളിലുമായി ഇത്തരം സൈനിക-ഭരണപരമായ കേന്ദ്രങ്ങൾ വ്യാപിച്ചുകിടക്കുന്നതിനാൽ, വിദേശികൾക്ക് ഉണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഈ മുൻകൂർ മുന്നറിയിപ്പ് എന്ന് റഷ്യ അവകാശപ്പെടുന്നു.