പൗരത്വം റദ്ദ് ചെയ്യരുത്; യുകെ കോടതിയില്‍ അപ്പീൽ നൽകി ഐഎസിൽ ചേർന്ന യുവതി

By Web TeamFirst Published Oct 23, 2019, 10:30 PM IST
Highlights

2015ൽ രണ്ട് സുഹൃത്തുക്കളുടെ കൂടെയാണ് ഷമീമ ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയത്. സിറിയൻ അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് നിറവയറുമായി കഴിയുന്ന ഷമീമയെ കണ്ടെത്തുന്നത്. ​

ലണ്ടൻ: പൗരത്വം റദ്ദ് ചെയ്തുകൊണ്ടുള്ള യുകെ സർക്കാരിന്റെ നടപടിക്കെതിരെ അപ്പീൽ നൽകി ഷമീമ ബീഗം. പതിനഞ്ചാം വയസ്സിൽ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയ ബ്രിട്ടീഷ് യുവതിയാണ് ഷമീമ ബീഗം. ലണ്ടനിലേക്ക് മടങ്ങി വരാൻ അനുവ​ദിക്കാത്ത സർക്കാർ നടപടിക്കെതിരെയും ഷമീമ അപ്പീൽ നൽകിയിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഷമീമ ബീഗത്തിന്‍റെ പൗരത്വം ബ്രിട്ടന്‍ റദ്ദ് ചെയ്തത്.

23 വയസ്സുള്ള യുവാവിനെയാണ് ഷമീമ തന്റെ 15-ാം വയസ്സിൽ വിവാഹം ചെയ്തത്. ഷമീമ ബലാത്സംഗത്തെ അതിജീവിച്ചയാളാണെന്നും ഷമീമയുടെ ബന്ധുവും അഭിഭാഷകനുമായ തസ്നീം അകുഞ്ചി നൽകിയ അപ്പീലിൽ പറയുന്നു. ഈ ആഴ്ചയാണ് അപ്പീലിൽ വാദം കേൾക്കുക. തെളിവെടുപ്പിനായി ഷമീമയെ സിറിയയിൽ നിന്ന് ലണ്ടനിലേക്ക് മടങ്ങി വരുന്നതിനായി അനുവദിക്കണമെന്ന് കോടതിയും നിർദ്ദേശിച്ചിരുന്നു. ഷമീമ ഇല്ലാതെ കേസിൽ വാദം കേൾക്കാൻ കഴിയില്ലെന്ന് അഭിഭാഷകരുടെ വ്യക്തമാക്കി.

2015ൽ രണ്ട് സുഹൃത്തുക്കളുടെ കൂടെയാണ് ഷമീമ ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയത്. സിറിയൻ അഭയാർത്ഥി ക്യാമ്പിൽ നിന്നാണ് നിറവയറുമായി കഴിയുന്ന ഷമീമയെ കണ്ടെത്തുന്നത്. ​പിന്നീട് നാല് വർഷങ്ങൾക്കുശേഷം തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്നതിന് ബ്രിട്ടനിലേക്ക് മടങ്ങിവരുന്നതിന് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ യുകെ സർക്കാർ‌ ഷമീമ ലണ്ടനിൽ വരുന്നത് വിലക്കുകയും അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്യുകയായിരുന്നു. 1981 ലെ ബ്രിട്ടീഷ് പൗരത്വ നിയമത്തിന്‍റെ സെക്ഷന്‍ 40 (2) ഉപയോഗിച്ചാണ് ഷമീമയുടെ പൗരത്വം റദ്ദാക്കിയത്.

Read more:ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് ഇപ്പോള്‍ നാട്ടിലേക്ക് തിരികെ വരണം; വരേണ്ടെന്ന് ബ്രിട്ടന്‍

ഷമീമയുടെ മാതാപിതാക്കള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരായതിനാല്‍ ബംഗ്ലാദേശ് പൗരത്വത്തിനായി ശ്രമിക്കാനായിരുന്നു യുകെ ആഭ്യന്തര സെക്രട്ടറിയായിരുന്നു സാജിദ് ജാവേദിന്‍റെ നിലപാട്. പിന്നീടെത്തിയ ഇന്ത്യൻ വംശജയായ പ്രീതി പട്ടീലും സാജിദ് ജാവേദിന്‍റെ നിലപാട് ശരിവച്ചു.  എന്നാല്‍ ആഭ്യന്തര വകുപ്പിന്‍റെ തീരുമാനത്തെ മറികടക്കാനായി എല്ലാ നിയമവഴികളും തേടുമെന്ന് തസ്നീം അകുഞ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.

Read More:ഐ എസ്സില്‍ ചേര്‍ന്നു, പ്രസവത്തിനായി നാട്ടിലെത്താന്‍ അനുവദിക്കണമെന്നാവശ്യം; യുവതി സിറിയയില്‍ തന്നെ പ്രസവിച്ചു

അതിനിടെ ഷെമീമ ബീഗം സിറിയയിൽവച്ച് ജന്മം നൽകിയ ആൺകുഞ്ഞ് അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് മരിച്ചിരുന്നു. സിറിയയിലെ അഭയാർഥി ക്യാമ്പിൽ വച്ച് ഫെബ്രുവരി 17നാണ് ഷെമീമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജെറാ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ മരണം അകുഞ്ചി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിരുന്നു. ക്യാമ്പിന് സമീപം കുർദിശ് തടവിൽ കഴിയുന്ന ഡച്ചുകാരനായ ഐഎസ് ഭീകരൻ യാഗോ റീഡിക് (27) എന്ന യുവാവാണ് ജെറായുടെ പിതാവ്. കുഞ്ഞിന്റെ മരണ വിവരം ഇയാളെ അറിയിച്ചതായി അഭയാർഥി ക്യാമ്പിന്റെ നടത്തിപ്പുകാർ വ്യക്തമാക്കിയിരുന്നു. 

Read More:പൗരത്വത്തിനായി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞ് യാത്രയായി
 

click me!