ലണ്ടൻ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായി പ്രവർത്തിക്കവെ നാട്ടിലേക്ക് മടങ്ങി വരാൻ ബ്രിട്ടീഷ് സർക്കാറിനോട് അനുവാദം ആവശ്യപ്പെട്ട യുവതി പ്രസവിച്ചു. നാല് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന ഷെമീമ ബീഗം എന്ന യുവതിയാണ് സിറിയയിൽവച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. 

യുവതിയുടെ ബന്ധുക്കളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ബന്ധുക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രസവിക്കുന്നതിനുവേണ്ടി നാട്ടിലേക്ക് വരാൻ അനുവദിക്കണമെന്ന് ഷെമീമ ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 

19 വയസ്സിനിടെ മൂന്നാമത്തെ കുട്ടിക്കാണ് ഷെമീമ ജന്മം നൽകുന്നത്. നേരത്തെ രണ്ട് കുട്ടികൾക്ക് ഷെമീമ ജന്മം നൽകിയെങ്കിലും ഇരുവരും മരണപ്പെട്ടതായാണ് റിപ്പോർട്ട്. കഴി‍ഞ്ഞ ആഴ്ച ടൈംസ് ഡെയ്ലി റിപ്പോർട്ടറാണ് വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് ഷെമീമയെ കണ്ടെത്തിയത്. കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ചമുമ്പാണ് ഷെമീമ ക്യാമ്പിലെത്തിയത്. സിറിയൻ പട്ടാളത്തിന് മുന്നിൽ ഭർത്താവ് കീഴടങ്ങിയപ്പോഴായിരുന്നു ആ രക്ഷപ്പെടൽ.
 
ബം​ഗ്ലാദേശ് സ്വദേശിയായ ഷെമീമയും കുടുംബവും ബ്രിട്ടനിലെ സ്ഥിരതാമസക്കാരാണ്. സ്കൂൾ വിദ്യാർഥിയായിരിക്കെ15ാം വയസിലാണ് ഐഎസ് ഭീകരരുടെ വധുവാകാൻ വേണ്ടി ഷെമീമ വീടും നാടും വിട്ടിറങ്ങിയത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥിയായിരുന്ന ഷെമീമ തന്റെ സുഹൃത്തുക്കളായ അമീറ അബേസ് (15), ഖദീജ സുൽത്താന(16) എന്നിവർക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഖദീജ സുൽത്താന ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഷെമീമ പറഞ്ഞു. എന്നാൽ അമീറയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഷെമീമ വ്യക്തമാക്കി. 

2015ലാണ് മൂവരും ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്ത് ദിവസത്തിനു ശേഷം ഇസ്‍ലാമിലേക്ക് മതം മാറിയ ഒരു ഡച്ചുകാരനെ വരനായി ലഭിച്ചു. ഇരുപത്തേഴു വയസായിരുന്നു അയാളുടെ പ്രായം. പിന്നീട് ഇയാൾക്കൊപ്പമാണ് കഴിഞ്ഞതെന്നും ഷെമീമ വെളിപ്പെടുത്തി. 

അതേസമയം ഐഎസിൽ പ്രവർത്തിച്ചതിലോ കഴിഞ്ഞുപോയ ഒന്നിലും തനിക്ക് പശ്ചാതാപമില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നും ഷെമീമ പറഞ്ഞു. എന്നാൽ നാട്ടിലേക്ക് തിരിച്ച വരാൻ അനുവദിക്കില്ലെന്നാണ് ബ്രിട്ടീഷ് സർക്കാര്‍ നിലപാട് എടുത്തത്. ഷെമീമയെ പോലുള്ളവരെ ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുവരുന്നത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് പറഞ്ഞ ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗ്യൂകെ ആവശ്യം തള്ളുകയായിരുന്നു.