ഹോങ്കോങ്ങിൽ കുറ്റവാളി കൈമാറ്റ ബില്‍ ഔദ്യോഗികമായി റദ്ദാക്കി; പോരാട്ടം തുടരുമെന്ന് പ്രതിഷേധക്കാർ

By Web TeamFirst Published Oct 23, 2019, 5:44 PM IST
Highlights

ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമാണ് ഉയർന്നത്. ആയിരക്കണക്കിനാളുകൾ ബില്ലിനെ എതിർത്ത് തെരുവുകളിൽ സമരം ചെയ്തു. 

ഹോങ്കോങ്: അഞ്ച് മാസത്തോളം നീണ്ട പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിർദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതി ബില്‍ ഹോങ്കോങ് ഭരണകൂടം ഔദ്യോഗികമായി റദ്ദാക്കി. ഈവർഷം ഏപ്രിലിലാണ് ഹോങ്കോങ് ഭരണകൂടം ബിൽ അവതരിപ്പിച്ചത്.‍‌‌

എന്നാൽ, തങ്ങളുടെ അഞ്ച് പ്രധാന ആവശ്യങ്ങളിൽ ഒന്നു മാത്രമാണ് ബില്ല് പിൻവലിക്കുകയെന്നും ജനാധിപത്യ അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും സമരക്കാർ അറിയിച്ചിരിക്കുകയാണ്.

ഹോങ്കോങ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കുന്ന ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമാണ് ഉയർന്നത്. ആയിരക്കണക്കിനാളുകൾ ബില്ലിനെ എതിർത്ത് തെരുവുകളിൽ സമരം ചെയ്തു. ഹോങ്കോങ് തെരുവോരങ്ങളിൽ പൊലീസും ജനങ്ങളും തമ്മിൽ പോരാടി. ജനാധിപത്യവാദികളും ചൈനാ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാരെ പൊലീസ് റബ്ബർ‌ ബുള്ളറ്റ് വെടിവയ്പ്പും കണ്ണീർവാതകങ്ങളും പേപ്പർ സ്പ്രേയും ഉപയോ​ഗിച്ച് തുരത്തി. കല്ലുകളും ചില്ലുകളും വലിച്ചെറിഞ്ഞ് പ്രതിഷേധക്കാർ പൊലീസിനെ പ്രതിരോധിച്ചു.

Read More:വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ഹോങ്കോങ്; കണ്ണീർവാതകവും കുരുമുളക് സ്പ്രേയും പ്രയോഗിച്ച് പൊലീസ്

പ്രതിഷേധം കനത്തതോടെ താൽകാലികമായി നിർദിഷ്ട കുറ്റവാളി കൈമാറ്റ ബിൽ ഹോങ്കോങ് ചീഫ് അഡ്മിനിസ്ട്രേറ്റർ കാരി ലാം പിൻവലിച്ചിരുന്നു. ടെലിവിഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്താണ് ബിൽ പിൻവലിക്കുന്നതായി കാരി ലാം അറിയിച്ചത്.

2014-ലെ ജനാധിപത്യാവകാശ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ തെരുവ് പ്രതിഷേധത്തിനായിരുന്നു കഴി‍ഞ്ഞ കുറച്ചുമാസങ്ങൾക്ക് മുമ്പ് ഹോങ്കോങ് സാക്ഷിയായത്. പ്രബലരായ ബിസിനസ് സമൂഹമടക്കം നിയമഭേദഗതിക്കെതിരായിരുന്നു. ചൈനയെ വിമർശിക്കുന്നവരെ കുടുക്കാൻ നിയമം ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്.

Read More:കുറ്റവാളികളെ വിട്ടുനല്‍കല്‍: ഹോങ്കോങ്ങില്‍ ചൈനാവിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു

ഹോങ്കോങ് സ്വദേശിയായ യുവതി തായ്‌ലൻഡിൽ കൊല്ലപ്പെട്ടതും പ്രതിയായ കാമുകന്‍ ഹോങ്കോങ്ങിലേക്ക് മടങ്ങിയെത്തിയതുമാണ് നിയമഭേദഗതിക്ക് കാരണമെന്നാണ് ഹോങ്കോങ് പറയുന്നത്. തായ്‌ലൻഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാൽ പ്രതിയെ അവിടേക്ക് വിട്ടുകൊടുക്കാനായില്ല.

തായ്‌ലൻഡിൽ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങിൽ കേസെടുക്കാനും സാധ്യമല്ലായിരുന്നു. ഈ സാഹചര്യത്തിലാണു ഭേദഗതി കൊണ്ടുവന്നതെന്നാണു അധികൃതരുടെ വാദം. 2015-ല്‍ ഹോങ്കോങ്ങിലെ അഞ്ച് പുസ്തകവ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യപൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ആരോപണം.

Read More:ഹോങ്കോങ്ങിൽ വീണ്ടും പ്രക്ഷോഭം; ബ്രിട്ടീഷ് കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാല്‍ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്.
 
 

click me!