Asianet News MalayalamAsianet News Malayalam

പൗരത്വത്തിനായി കാത്ത് നിന്നില്ല; ഐഎസില്‍ ചേര്‍ന്ന യുവതിയുടെ കുഞ്ഞ് യാത്രയായി

സിറിയയിലെ അഭയാർഥി ക്യാമ്പിൽ വച്ച് ഫെബ്രുവരി 17നാണ് ഷെമീമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജെറാ എന്നാണ് കുഞ്ഞിന്റെ പേര്.      

Baby Of Teen ISIS Who Lost UK Citizenship May Have Died
Author
London, First Published Mar 9, 2019, 9:28 AM IST

ലണ്ടൻ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായി പ്രവർത്തിക്കവെ പ്രസവിക്കുന്നതിന് നാട്ടിലേക്ക് മടങ്ങി വരണമെന്ന് ബ്രിട്ടീഷ് സർക്കാറിനോട് അനുവാദം ആവശ്യപ്പെട്ട പത്തൊൻപതുകാരിയായ ഷെമീമ ബീഗത്തിന്റെ കുഞ്ഞ് മരിച്ചു. ന്യൂമോണിയ ബാധിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. അഭയാർഥി ക്യാമ്പിന്റെ നടത്തിപ്പുകാരായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. 

സിറിയയിലെ അഭയാർഥി ക്യാമ്പിൽ വച്ച് ഫെബ്രുവരി 17നാണ് ഷെമീമ ആൺകുഞ്ഞിന് ജന്മം നൽകിയത്. ജെറാ എന്നാണ് കുഞ്ഞിന്റെ പേര്.     കുഞ്ഞിന്റെ മരണം ഷെമീമയുടെ അഭിഭാഷകനായ മുഹമ്മദ് അകുഞ്ചി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ക്യാമ്പിന് സമീപം കുർദിശ് തടവിൽ കഴിയുന്ന    ഡച്ചുകാരനായ ഐഎസ് ഭീകരൻ യാഗോ റീഡിക് (27) എന്ന യുവാവാണ് ജെറായുടെ പിതാവ്. കുഞ്ഞിന്റെ മരണ വിവരം ഇയാളെ അറിയിച്ചതായി അഭയാർഥി ക്യാമ്പിന്റെ നടത്തിപ്പുകാർ വ്യക്തമാക്കി. 

19 വയസ്സിനിടെ മൂന്നാമത്തെ കുട്ടിക്കാണ് ഷെമീമ ജന്മം നൽകിയത്. ആദ്യമുണ്ടായ രണ്ടുകുട്ടികളും പോഷകാഹാര കുറവ് മൂലമാണ് മരണമടഞ്ഞത്. മൂന്നാമത്തെ കുട്ടിയെങ്കിലും നന്നായി വളർത്തണമെന്ന ആ​ഗ്രഹംകൊണ്ടാണ് ബ്രിട്ടനിലേക്ക് മടങ്ങി വരണമെന്ന് ഷെമീമ ആവശ്യപ്പെട്ടത്. ഇതിനെതിരേ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം ബ്രിട്ടീഷ് ഹോം ഓഫീസ് റദ്ദാക്കിയത്. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പൗരത്വം റദ്ദാക്കിയത്. ഷെമീമയോടൊപ്പം സ്വന്തം നാടായ നെതർലാന്റിലേക്ക് മടങ്ങണമെന്ന് കഴിഞ്ഞദിവസം യാഗോ റീഡിക്കും മാധ്യമങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.  
 
കഴി‍ഞ്ഞ മാസം ടൈംസ് ഡെയ്ലി റിപ്പോർട്ടറാണ് വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് ഷെമീമയെ കണ്ടെത്തിയത്. കിഴക്കൻ സിറിയയിലെ ഐഎസിന്റെ അവസാന താവളമായിരുന്ന ബാഗൂസിൽനിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ചമുമ്പാണ് ഷെമീമ ക്യാമ്പിലെത്തിയത്. സിറിയൻ പട്ടാളത്തിന് മുന്നിൽ ഭർത്താവായ യാഗോ റീഡിക് കീഴടങ്ങിയപ്പോഴായിരുന്നു ആ രക്ഷപ്പെടൽ. 

സ്കൂൾ വിദ്യാർഥിയായിരിക്കെ15ാം വയസിലാണ് ഐഎസ് ഭീകരരുടെ വധുവാകാൻ വേണ്ടി ഷെമീമ വീടും നാടും വിട്ടിറങ്ങിയത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥിയായിരുന്ന ഷെമീമ തന്റെ സുഹൃത്തുക്കളായ അമീറ അബേസ് (15), ഖദീജ സുൽത്താന(16) എന്നിവർക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. ഇവരിൽ ഖദീജ സുൽത്താന ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി ഷെമീമ പറഞ്ഞു. എന്നാൽ അമീറയ്ക്ക് എന്തുപറ്റിയെന്ന് അറിയില്ലെന്നും ഷെമീമ വ്യക്തമാക്കി. 

2015ലാണ് മൂവരും ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ലണ്ടനിലെ ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും തുർക്കിയിലേക്കാണ് ഇവർ മൂന്നുപേരും ആദ്യം പോയത്. പിന്നീട് തുർക്കി അതിർത്തി കടന്ന് സിറിയയിലെത്തി. ഐഎസ് ഭീകരരുടെ വധുക്കളാകാൻ എത്തിയവർക്കൊപ്പം ഒരു വീട്ടിലാണ് ആദ്യം താമസിച്ചത്. 20 വയസിനു മുകളിൽ പ്രായമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ വിവാഹം കഴിക്കാനാണ് അപേക്ഷിച്ചത്. പത്ത് ദിവസത്തിന് ശേഷം ഇസ്‍ലാമിലേക്ക് മതം മാറിയ യാഗോ റീഡിക്കിനെ ഷെമീമ വരനായി സ്വീകരിച്ചു.   

അതേസമയം ഐഎസിൽ പ്രവർത്തിച്ചതിലോ കഴിഞ്ഞുപോയ ഒന്നിലും തനിക്ക് പശ്ചാതാപമില്ലെന്നും കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നതെന്നും ഷെമീമ പറഞ്ഞിരുന്നു. കുഞ്ഞിനെ ഇസ്‌ലാമായി തന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങളോട് ഷെമീമ വെളിപ്പെടുത്തി. യുകെയിലേക്ക് മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്ക് മടിയില്ലെന്നും അവർ വ്യക്തമാക്കി. ബ്രിട്ടൻ ഇസ്‌ലാമിക് സ്റ്റേറ്റിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ട് പിന്നാലെയാണ് പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.

Follow Us:
Download App:
  • android
  • ios