
വാഷിങ്ടൺ: അമേരിക്കയിലെ സൗത്ത് കരോലിന ദ്വീപ് നഗരത്തിലെ ഒരു ബാര്‍ റെസ്റ്റോറന്റിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റതായി ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച പുലർച്ചെ 1 മണിക്ക് തൊട്ടുമുമ്പാണ് സെൻ്റ് ഹെലേന ദ്വീപിലെ വില്ലീസ് ബാർ ആൻഡ് ഗ്രില്ലിൽ വെടിവെപ്പ് നടന്നത്. നിരവധി പേർക്ക് വെടിയേറ്റ വിവരം ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഉടൻതന്നെ സംഭവസ്ഥലത്ത് എത്തി. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ് എന്നും അധികൃതർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിക്കുന്നത് വരെ പേരുകൾ പുറത്തുവിടാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. വെടിവെപ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നു. ഇതൊരു ദുരന്തവും വിഷമകരവുമായ സംഭവമാണെന്നും ഷെരീഫ് ഓഫീസ് കൂട്ടിച്ചേർത്തു.
നാലോ അതിലധികമോ ആളുകൾക്ക് വെടിയേൽക്കുന്ന സംഭവങ്ങളെ 'കൂട്ട വെടിവെപ്പ്' (മാസ് ഷൂട്ടിങ്) എന്നാണ് ഗൺ വയലൻസ് ആർക്കൈവ് നിർവചിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരം കൂട്ട വെടിവെപ്പുകൾ യു.എസ്സിൽ വർധിച്ചുവരുന്നതായാണ് കണക്കുകൾ. തോക്ക് നിയന്ത്രണ നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യപ്പെടുമ്പോൾ, റിപ്പബ്ലിക്കൻമാർ ആയുധം കൈവശം വയ്ക്കാനുള്ള അവകാശങ്ങളെ പിന്തുണയ്ക്കുകയും അക്രമങ്ങൾ ഒറ്റപ്പെട്ടവയാണെന്ന് ന്യായീകരിക്കുകയുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam