കിം ജോങ് ഉൻ കൊറോണ വന്നാലോ എന്നു പേടിച്ച് മുങ്ങിയതാകാമെന്ന് ദക്ഷിണ കൊറിയ

By Web TeamFirst Published Apr 28, 2020, 3:52 PM IST
Highlights

കിം ജോങ് ഉൻ കൊറോണ പിടിക്കുമോ എന്ന് പേടിച്ച് ഒളിച്ചിരിക്കുന്നതാണെങ്കിൽ, രാജ്യത്ത് എല്ലാം ഭദ്രമാണെന്ന് ഉത്തരകൊറിയൻ ഗവൺമെന്റിന്റെ വാദത്തിനേൽക്കുന്ന കനത്ത തിരിച്ചടിയാകും

സിയോൾ: കിം ജോങ് ഉൻ ഒരു പക്ഷേ, കൊറോണ ബാധിച്ചാലോ എന്ന ഭയം കാരണം ഐസൊലേഷനിൽ കഴിയാൻ വേണ്ടി പോയതാകാം എന്ന് ചൊവ്വാഴ്ച ഒരു ദക്ഷിണ കൊറിയൻ മന്ത്രി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്റെ സിയോൾ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. തന്റെ മുത്തച്ഛന്റെ ജന്മദിന ചടങ്ങായ സൂര്യദിനത്തിലോ, മറ്റുള്ള ഔദ്യോഗിക ചടങ്ങുകളിലോ പങ്കെടുക്കാൻ വേണ്ടി ജനങ്ങളുമായി ഇടപഴകിയാൽ തനിക്ക് കൊറോണാവൈറസ് ബാധയുണ്ടാകും എന്ന ചിന്തയാകാം പൊതുജനമധ്യത്തിൽ നിന്ന് അപ്രത്യക്ഷനാകാൻ കിം ജോങ് ഉന്നിനെ പ്രേരിപ്പിച്ചത് എന്നായിരുന്നു ദക്ഷിണ കൊറിയയുടെ യൂണിഫിക്കേഷൻ മിനിസ്റ്റർ ആയ കിം ഇയോൺ ചുൽ അഭിപ്രായപ്പെട്ടത്. ഉത്തര-ദക്ഷിണ കൊറിയകൾക്കിടയിലെ ബന്ധത്തിന്റെ മേൽനോട്ടം വഹിക്കുന്ന മന്ത്രാലയമാണ് മിനിസ്ട്രി ഓഫ് യൂണിഫിക്കേഷൻ എന്നത്. 

മുത്തച്ഛനായ കിം ഇൽ സങ്ങിന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 15 -ന് കിം ജോങ് ഉൻ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പതിവുണ്ട്. അത് തെറ്റിച്ചതോടെയാണ് കിമ്മിന്റെ ആരോഗ്യത്തെ സംബന്ധിച്ച അഭ്യൂഹങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മുതിർന്നവരെ വല്ലാതെ ബഹുമാനിക്കുന്ന രാജ്യമാണ് ഉത്തരകൊറിയ. ഉയിരോടെ ഉണ്ടെങ്കിൽ കിം ജോങ് ഉൻ മുത്തച്ഛന്റെ പിറന്നാൾ ദിവസം ചടങ്ങിൽ പങ്കെടുക്കാതിരിക്കില്ല. കിം പങ്കെടുക്കാതിരുന്ന സ്ഥിതിക്ക് എഴുന്നേറ്റു നടക്കാൻ വയ്യാത്തത്ര എന്തോ ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഇങ്ങനെയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തകൾ. 

" മുത്തച്ഛന്റെ പിറന്നാളും മറ്റു ചടങ്ങുകളും ഒന്നും കിം ജോങ് ഉൻ പങ്കെടുത്തുകണ്ടില്ല എന്നത് ശരിതന്നെ, അത് മിക്കവാറും അദ്ദേഹം കൊറോണവൈറസ് ഭീതി കാരണം റദ്ദാക്കിയതാകും" എന്നാണ് ഒരു പാർലമെന്ററി ഹിയറിങിനിടെ മന്ത്രി പറഞ്ഞത്. ജനുവരിമുതൽ ഇന്നുവരെ രണ്ടുതവണ ഇരുപതു ദിവസത്തിലധികം കിം ജോങ് ഉൻ പൊതുജനസമക്ഷത്തിൽ വരാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇതും അതുപോലെ ആകാനേ തരമുള്ളൂ എന്നും മന്ത്രി പറഞ്ഞു. കൊവിഡ് ബാധ സൃഷ്ടിച്ചിരിക്കുന്ന ഇന്നത്തെ സവിശേഷ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ അസ്വാഭാവികതയൊന്നും കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. 

ശനിയാഴ്ച ചൈന ഉത്തരകൊറിയയിലേക്ക് ഒരു മെഡിക്കൽ ടീമിനെ അയച്ച വിവരം റിപ്പോർട്ട് ചെയ്തതും റോയിട്ടേഴ്‌സ് തന്നെയായിരുന്നു. പക്ഷേ, അത് കിം ജോങ് ഉന്നിന്റെ ആരോഗ്യനില പരിശോധിക്കാൻ തന്നെയാണോ എന്നതിൽ വ്യക്തതക്കുറവുണ്ട്. 

എന്നാൽ, " കിം ജോങ് ഉൻ കൊറോണ പിടിക്കുമോ എന്ന് പേടിച്ച് ഒളിച്ചിരിക്കുന്നതാണെങ്കിൽ, രാജ്യത്ത് എല്ലാം ഭദ്രമാണെന്ന് ഉത്തരകൊറിയൻ ഗവൺമെന്റിന്റെ വാദത്തിനേൽക്കുന്ന കനത്ത തിരിച്ചടിയാകും" എന്ന് ഉത്തരകൊറിയൻ ബന്ധങ്ങൾ നിരീക്ഷിക്കുന്ന കൊറിയ റിസ്ക് ഗ്രൂപ്പിന്റെ സിഇഒ ചാഡ് കരോൾ പറഞ്ഞു. "കിമ്മിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല, കൊവിഡ്  മുൻകരുതൽ എന്നനിലയ്ക്ക് മാത്രം മാറി നിൽക്കുകയാണ് എന്നുണ്ടെങ്കിൽ അദ്ദേഹം ആരോഗ്യത്തോടിരിക്കുന്ന രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ.." അദ്ദേഹം ചോദിച്ചു. 

തീരദേശ വിനോദസഞ്ചാര കേന്ദ്രമായ വോൻസാനിലെ റിസോർട്ടിന് സമീപമുള്ള സ്വകാര്യ റെയിൽവേ സ്റ്റേഷനിൽ കിമ്മിന്റെ സ്വന്തം ലക്ഷ്വറി തീവണ്ടി നിർത്തിയിട്ടിരിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്ന സ്ഥിതിക്ക്, പ്രശ്നങ്ങൾ ഒന്നടങ്ങുന്നതുവരെ അവിടെ ഐസൊലേഷനിൽ കഴിയാനും, പൊതുജനസമ്പർക്കം ഒഴിവാക്കി കൊറോണ പിടിക്കുന്നതിൽ നിന്ന് രക്ഷപ്പെടാനും കിം ശ്രമിക്കുന്നതും ആവാൻ സാധ്യതയുണ്ട്  എന്നാണ് അമേരിക്കൻ ഇന്റലിജൻസിൽ നിന്നുള്ള ചില രഹസ്യവൃത്തങ്ങൾ പറഞ്ഞത്.  മേൽപ്പറഞ്ഞ കാര്യങ്ങൾക്കൊന്നും തന്നെ ഉത്തരകൊറിയൻ ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് ഒരു സ്ഥിരീകരണവും ആയിട്ടില്ല. ദുരൂഹത ഇപ്പോഴും തുടരുക തന്നെയാണ്. 

 

READ MORE

ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ

കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

കിം ജോംഗ്ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത് കിം യോജോങിലേക്ക്

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

'ഫ്രീ ജോസിയോൺ', കിമ്മിന്റെ ഏകാധിപത്യത്തെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ ഉത്തരകൊറിയയിലെ വിപ്ലവകാരികളുടെ അധോലോകം

ഉത്തര കൊറിയയിൽ തന്നിഷ്ടത്തിന് മുടിവെട്ടുന്നത് 'സാമൂഹ്യവിരുദ്ധം'; കിം ജോങ് ഉൻ അനുവദിച്ച 15 ഹെയർ സ്റ്റൈലുകൾ

വീഞ്ഞ്, കൊഞ്ച്, ഉല്ലാസത്തിനായി കന്യകകളുടെ സംഘം: കിം ജോംഗ് ഉന്നിന്റെ 'സ്വർഗ്ഗത്തീവണ്ടി'യുടെ യാത്ര ഇങ്ങനെ

click me!