സ്വേച്ഛാധിപതികളിൽ പലർക്കും തീവണ്ടികളോട് പ്രിയമാണ്. അവനവനു മാത്രം യാത്ര ചെയ്യാനായി കോടിക്കണക്കിനു ഡോളർ ചെലവിട്ട്, ആര്ഭാടങ്ങൾക്കുള്ള സംവിധാനങ്ങൾ പ്രത്യേകം ചെയ്യിച്ചെടുക്കുന്ന ആ റെയിൽരഥങ്ങൾ മിക്കവാറും ചക്രങ്ങളിൽ ഉരുളുന്ന രാജകൊട്ടാരങ്ങൾ തന്നെയാകും. ഹിറ്റ്ലർക്കുമുണ്ടായിരുന്നു ഒരെണ്ണം. ഫ്യൂറർസോൺഡെർസുഗ് അഥവാ ഫ്യൂററുടെ തീവണ്ടി എന്ന് ജർമ്മനിൽ അറിയപ്പെട്ടിരുന്ന ആ കവചിത തീവണ്ടിയുടെ പേര് നാല്പതുകളിൽ 'അമേരിക്ക'(amerika') എന്നായിരുന്നു. വിമാനവേധത്തോക്കുകൾ വരെ ഘടിപ്പിച്ചിരുന്ന ആ ട്രെയിൻ ഹിറ്റ്ലറുടെ രണ്ടാം ലോകമഹായുദ്ധകാലത്തെ സഞ്ചരിക്കുന്ന ഹെഡ്ക്വാർട്ടേഴ്‌സ് ആയിരുന്നു. 

സ്റ്റാലിനും, മുസ്സോളിനിയും ഒക്കെ അവരുടെ പ്രതാപകാലത്ത് ദീർഘദൂരയാത്രകൾക്ക് ഇതുപോലെ ലക്ഷ്വറി ട്രെയിനുകളിൽ സഞ്ചരിക്കാൻ ഇഷ്ടം പ്രകടിപ്പിച്ചിട്ടുളളവരായിരുന്നു. ആ ഗണത്തിൽ പെടുത്താവുന്ന, ലോകത്തിൽ തന്നെ ഇന്നവശേഷിക്കുന്ന അപൂർവം ചില ലക്ഷണമൊത്ത ഏകാധിപതികളിൽ ഒരാളാണ് കിം ജോങ് ഉൻ. സ്റ്റാലിനെപ്പോലെയോ സ്വന്തം അച്ഛൻ കിം ജോങ് ഇല്ലിനെപ്പോലെയോ വിമാനയാത്ര ചെയ്യാൻ വിശേഷിച്ച് ഭയമൊന്നും കിം ജോങ് ഉന്നിന് ഇല്ലെങ്കിലും, തന്റെ സ്വന്തം തീവണ്ടിയിൽ തന്നെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് അദ്ദേഹം. കിമ്മിനെപ്പോലെ ഒരു ഏകഛത്രാധിപതിക്ക്, സ്വന്തമായി അങ്ങനെയൊരു തീവണ്ടി ഉണ്ടെങ്കിൽ അതിലും സൗകര്യങ്ങൾ ഒട്ടും കുറയ്ക്കാൻ പറ്റില്ലല്ലോ..! 

ഉപഗ്രഹക്കണ്ണുകൾ പച്ചത്തീവണ്ടിയിലേക്ക് 

ഇന്ന്, ആകാശത്ത് നിന്ന് ഉത്തരകൊറിയയെ ഉറ്റുനോക്കുന്ന ലോകത്തിനു മുന്നിൽ, കിം ജോങ് ഉൻ എന്ന രാഷ്ട്രത്തലവനെ ഓർമിപ്പിക്കുന്ന ഒരേയൊരു തെളിവ് അവരുടെ ഉപഗ്രഹകണ്ണുകളിൽ തെളിയുന്ന അദ്ദേഹത്തിന്റെ 'കാക്കിപ്പച്ച'ത്തീവണ്ടി മാത്രമാണ്. ലോകത്തിലെ ഒട്ടുമിക്ക ആഡംബരങ്ങൾ എല്ലാം സമ്മേളിച്ചിരിക്കുന്ന, ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളുടെ സംഗമകേന്ദ്രമായ ആ കവചിത വാഹനത്തെ വലിച്ചുകൊണ്ടുപോകാൻ രണ്ട് എഞ്ചിനുകൾ വേണമെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. കിം ജോങ് ഉന്നിന്റെ അവധിക്കാല വിശ്രമ കേന്ദ്രമായ വോൻസാനിലെ തീരദേശ റിസോർട്ടിന് സമീപമുള്ള അദ്ദേഹത്തിന്റെ സ്വകാര്യ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട നിലയിൽ ഈ തീവണ്ടിയുടെ ചിത്രങ്ങൾ അമേരിക്കയുടെ ചാര ഉപഗ്രഹങ്ങൾ കഴിഞ്ഞ ദിവസം പകർത്തുകയുണ്ടായി. 

 

 

എന്നാൽ, ഈ തീവണ്ടി ആ റിസോർട്ടിൽ ഉണ്ട് എന്നതിന് കിം ജോങ് ഉൻ അവിടെ വിശ്രമത്തിലാണ് എന്നോ, അല്ലെങ്കിൽ അദ്ദേഹത്തിന് ജീവനുണ്ട് എന്നുപോലുമോ അർത്ഥമില്ല. എന്തായാലും ഏപ്രിൽ പതിനഞ്ചിന് മുത്തച്ഛൻ കിം ഇൽ സങ്ങിന്റെ ജന്മദിനത്തിൽ പങ്കെടുക്കാതിരുന്നതു തൊട്ട് കിം മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ ലോകമെങ്ങും പരന്നിട്ടുണ്ട്. ചെയിൻ സ്മോക്കറായ, കടുത്ത മദ്യപാനിയായ, ഭക്ഷണ ശീലങ്ങൾ പൊണ്ണത്തടിയിലേക്ക് നയിച്ച കിം ജോങ് ഉൻ ഹൃദ്രോഗത്താൽ മരിച്ചു എന്നൊരു വാർത്ത വരുമ്പോൾ പൊതുജനങ്ങൾക്ക് മുന്നിൽ അതിനു വിശ്വാസ്യത സ്വാഭാവികമായും ഏറും. എന്നാൽ അതിന് ഇനിയും ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് യാതൊരുവിധ സ്ഥിരീകരണങ്ങളും വന്നിട്ടില്ല. 

മൂന്നു തീവണ്ടികളുടെ ഒരു വ്യൂഹമായിട്ടാണ് കിമ്മിന്റെ യാത്ര. മുന്നിലോടുന്ന താരതമ്യേന നീളം കുറഞ്ഞ അകമ്പടി ട്രെയിൻ, ട്രാക്കിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ വേണ്ടിയാണ് ഓടുന്നത്. നടുക്കാണ് ഇരുപതോളം ബോഗികളുള്ള കിമ്മിന്റെ പച്ചത്തീവണ്ടി ഓടുക. അതിനും പിന്നാലെയായി, സുരക്ഷാ ഓഫീസർമാരെയും, അദ്ദേഹത്തിന്റെ മറ്റു സ്റ്റാഫിനെയും ഒക്കെ കൊണ്ട് പിന്നാലെ പായും. മൂന്നു തീവണ്ടികളും ഇരുപതു മിനിട്ടുതൊട്ട്, ഒരു മണിക്കൂർ വരെ ഗ്യാപ്പിട്ടാണ് ഓടുക. യാത്ര തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പുതന്നെ വണ്ടി പോകുന്ന പ്രദേശം പൂർണ്ണമായും ഒഴിപ്പിക്കും പൊലീസ്. ചൈന, റഷ്യ, യൂറോപ്പ് എന്നിങ്ങനെ ഒരുവിധം പ്രദേശങ്ങളിലേക്കൊക്കെ ഉത്തരകൊറിയയിൽ നിന്ന് ഈ തീവണ്ടിയിൽ ചെന്നെത്താൻ സാധിക്കുമെന്നാണ് സങ്കൽപം. 

കിമ്മിന്റെ സ്വർഗ്ഗരഥത്തിലെ സൗകര്യങ്ങൾ 

ഇരുപതിലധികം ബോഗികളുണ്ട് ഈ തീവണ്ടിക്ക്. അതിനുള്ളിൽ കോറൽ പിങ്ക് നിറമുള്ള സോഫകൾ നിരത്തിയ ലോഞ്ചുകളുണ്ട്, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഓഫീസ്/കോൺഫറൻസ് റൂം ബോഗിയുണ്ട്.  സാറ്റലൈറ്റ് ടെലിവിഷനും മറ്റുമുള്ള ഒരു ഡ്രോയിങ് റൂം ബോഗിയും, കോണ്ടിനെന്റൽ സ്റ്റൈലിൽ ഉന്നതനിലവാരത്തിലുള്ള ഭക്ഷണം നിർമിച്ച് വിതരണം ചെയ്യാൻ പര്യാപ്തമായ ഒരു പാൻട്രി കാർ എന്നിവയും ഈ തീവണ്ടിയുടെ ഭാഗമാണ്. ഈ തീവണ്ടിക്കുള്ളിൽ കിമ്മിന്റെ സ്വകാര്യ മെഴ്സിഡസ് ലിമോസിനും കയറ്റാനുള്ള സംവിധാനമുണ്ട്. ഒരു ബോഗി അദ്ദേഹത്തിന്റെ പേഴ്സണൽ ജക്കൂസിക്ക് വേണ്ടിയുള്ളതാണ്. അവിടെയാണ് അദ്ദേഹത്തിന്റെ പതിവ് നീരാട്ട്. 

 

 

നുരയുന്ന വീഞ്ഞും, പിടക്കുന്ന കൊഞ്ചും, സുന്ദരികളായ ട്രെയിൻ ഹോസ്റ്റസ്സുമാരും ഈ സ്വർഗതീവണ്ടിയുടെ മറ്റു പ്രത്യേകതകളാണ്. ബർഗണ്ടി, ബോർദ്യു, ഹെന്നസ്സി തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളുടെ വീഞ്ഞുകൾ കിമ്മിന് വേണ്ടി ഈ തീവണ്ടിയിൽ ശേഖരിച്ചിട്ടുണ്ട്. ക്രിസ്റ്റൽ ഷാംപെയ്നും, സ്വിസ് ചീസുമാണ് കിമ്മിന്റെ മറ്റുപ്രിയപ്പെട്ട വിഭവങ്ങൾ. സലാമി പോലുള്ള മാംസോത്പന്നങ്ങൾ, പ്രോസസ് ചെയ്ത മത്സ്യം, ഫാസ്റ്റ് ഫുഡ് എന്നിവയും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്. എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ ശാപ്പിടുമായിരുന്നു കിം. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് ആയിരുന്നു കിം സ്ഥിരം സേവിച്ചിരുന്നത്. സ്നേക്ക് വൈനിന്റെയും ആരാധകനായിരുന്നു കിം.കുപ്പിക്കുള്ളിൽ ഒരു മൂർഖൻ പാമ്പുമായി വരുന്ന സ്നേക്ക് വൈൻ സ്ഥിരമായി  സേവിച്ചാൽ   ലൈംഗികശേഷി വർധിക്കും എന്നൊരു വിശ്വാസം ഉത്തര കൊറിയക്കാർക്കിടയിലുണ്ട്. 


'ഗിപ്പ്യുംജൊ' എന്ന പ്ലഷർ ബ്രിഗേഡ് 

ഭരണത്തിലേറിയ ആദ്യത്തെ മൂന്നുവർഷക്കാലം തികഞ്ഞ അച്ചടക്കം പ്രതീക്ഷിക്കുന്നതുകൊണ്ട് മാത്രം മിണ്ടാതിരുന്ന കിം ജോങ് ഉൻ അതിനു ശേഷം തന്റെ കാസനോവ സ്വഭാവത്തിലേക്ക് മാറി എന്നാണു റിപ്പോർട്ടുകൾ. തന്നെക്കാൾ ആറുവയസ്സിന് ഇളപ്പമുള്ള റി സോൾ ജുവുമായി കിം ജോങ് ഉന്നിന്റെ വിവാഹം കഴിഞ്ഞിരുന്നു. അവരിൽ മൂന്നു മക്കളുമുണ്ട് കിമ്മിന്. എന്നാൽ ലൈംഗികജീവിതത്തിന്റെ കാര്യത്തിൽ സ്വന്തം അച്ഛൻ കിം ജോങ് ഇല്ലിന്റെ വഴിയേ തന്നെയാണ് കിം ജോങ് ഉന്നും എന്നാണ് പരക്കെയുള്ള അഭ്യൂഹം. ഈ തീവണ്ടിയിൽ കിം ഹോസ്റ്റസ്സുമാരായി നേരിട്ട് നിയമിക്കുന്നവരാണ് അദ്ദേഹത്തിന്റെ 'പ്ലെഷർ ബ്രിഗേഡ്' എന്നറിയപ്പെടുന്നത്. കിമ്മിനെയും കിമ്മിന് വേണ്ടപ്പെട്ടവരെയും ആനന്ദിപ്പിക്കാൻ തയ്യാറുള്ള യുവതികളെയാണ് കിം നേരിട്ടുതന്നെ കണ്ടെത്തി റിക്രൂട്ട് ചെയ്യുന്നത്. 

2015 -ൽ അദ്ദേഹം ഉയരമുള്ള, സുന്ദരികളായ കന്യകകളെ തന്റെ പ്ലെഷർ ബ്രിഗേഡിലേക്ക് നേരിട്ടുതന്നെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയിരുന്നു എന്ന് ഡെയ്‌ലിമെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് കിമ്മിന്റെ ഫാമിലി ഡോക്ടർമാർ മുഖേന കന്യകാത്വ പരിശോധനകളും നടത്തിയിരുന്നു എന്നാണ് പറയപ്പെടുന്നത്. നിയമിക്കപ്പെടുന്ന പക്ഷം അവർക്ക് 1400 പൗണ്ട് ശമ്പളമായി നല്കപ്പെട്ടിരുന്നു. ഉത്തരകൊറിയയിൽ അത് കനത്ത ശമ്പളമായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്നതിനാൽ ഈ ജോലി നേടിയെടുക്കാൻ വേണ്ടി നിരവധി കൊറിയൻ യുവതികൾ അപേക്ഷിക്കാറുമുണ്ട്. 'ഗിപ്പ്യുംജൊ' എന്നറിയപ്പെടുന്ന ഈ പ്ലെഷർ ബ്രിഗേഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവതികളുടെ മാതാപിതാക്കളോട് സാധാരണയായി സുപ്രീം ലീഡറുടെ കീഴിൽ സർക്കാർ സേവനത്തിനായിട്ടാണ് നിയമനം എന്നുമാത്രമാണ് പറയാറുള്ളത്.  

 

 

സ്വതവേ ദരിദ്രമായ ഉത്തരകൊറിയയുടെ കമ്യൂണിസ്റ്റ് ഏകാധിപതിയായ കിമ്മിന് പക്ഷേ ഈ തീവണ്ടിയുടെ കാര്യത്തിൽ ഒട്ടും ചെലവുചുരുക്കാനുള്ള മനസ്സുണ്ടായിട്ടില്ല ഇന്നുവരെ. ചുവന്ന പട്ടുപരവതാനി വിരിച്ച പടിക്കെട്ടുകയറിയാണ് കിം തന്റെ രാജകീയ വാഹനത്തിലേക്ക് പ്രവേശിക്കാറുള്ളത്. എന്തായാലും, കിമ്മിന്റെ ആരോഗ്യകാര്യത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ദുരൂഹത നീങ്ങും വരെ കിമ്മിന്റെ ഈ 'പച്ചത്തീവണ്ടി'യുടെ നീക്കങ്ങൾ ദക്ഷിണ കൊറിയയും, ചൈനയും, അമേരിക്കയുമൊക്കെ നിരീക്ഷിച്ചു കൊണ്ടിരിക്കും എന്നുറപ്പാണ്.  

 

ചൈനീസ് ഏജന്റ് മകളുടെ ശരീരത്തിൽ നോട്ടമിട്ടപ്പോൾ, അത് തടയാൻ സ്വന്തം ശരീരം നൽകേണ്ടി വന്ന ഉത്തര കൊറിയയിലെ ഒരമ്മ

കിം ജോങ് ഉൻ : തലതെറിച്ച പയ്യനിൽ നിന്ന് ലോകത്തെ വിറപ്പിച്ച സ്വേച്ഛാധിപതിയിലേക്കുള്ള ദൂരം

കിം ജോംഗ്ഉന്നിന്റെ ആരോഗ്യനിലയെപ്പറ്റിയുള്ള അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ ലോകം ഉറ്റുനോക്കുന്നത് കിം യോജോങിലേക്ക്

കിം ജോങ് ഉന്നിന്റെ തിരോധാനം, ഇനിയും ഉത്തരം കിട്ടാത്ത അഞ്ചു ചോദ്യങ്ങൾ

ഉത്തര കൊറിയയിലെ മൂന്നു കിമ്മുകൾ; ഏകാധിപത്യ കമ്യൂണിസ്റ്റ് പാരമ്പര്യവാഴ്ച ഒരു രാജ്യത്തോട് ചെയ്തത്

'ഫ്രീ ജോസിയോൺ', കിമ്മിന്റെ ഏകാധിപത്യത്തെ അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ ഉത്തരകൊറിയയിലെ വിപ്ലവകാരികളുടെ അധോലോകം

ഉത്തര കൊറിയയിൽ തന്നിഷ്ടത്തിന് മുടിവെട്ടുന്നത് 'സാമൂഹ്യവിരുദ്ധം'; കിം ജോങ് ഉൻ അനുവദിച്ച 15 ഹെയർ സ്റ്റൈലുകൾ