'ആയുധം വെച്ചു കീഴടങ്ങിയാൽ പൊതുമാപ്പ്'; ഹൂതികളോട് യെമൻ പ്രസിഡൻ്റ് റഷാദ് അൽ അലിമി; മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കം

Published : Oct 05, 2026, 03:21 AM IST
Yemen  Military Operation

Synopsis

യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ നീക്കം. സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ ഭരണകൂടം ഹൂതികൾക്കെതിരെ സൈനിക നടപടി ആരംഭിച്ചു.

സനാ: യെമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള മുഴുവൻ മേഖലകളും തിരിച്ചുപിടിക്കാൻ സൈനിക നടപടി ആരംഭിച്ച് സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ ഭരണകൂടം. ഹൂതി ഭീകരരുടെ പിടിയിൽ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുംവരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്ന് യെമനി പ്രസിഡൻ്റ് റഷാദ് അൽ അലിമി രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. ഇതിന് പിന്നാലെ ഹൂതികൾ ആയുധം താഴെവെക്കണമെന്ന ആഹ്വാനവുമായി സൈനിക വക്താവും രം​ഗത്തെത്തി. ഇറാൻ്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതരെ പരാജയപ്പെടുത്തി, രാജ്യത്തിന്റെ പരമാധികാരം പൂർണമായി വീണ്ടെടുക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.

2014 മുതൽ രാജ്യതലസ്ഥാനമായ സനാ അടക്കം വടക്കുപടിഞ്ഞാറൻ ഭാ​ഗത്തെ ജനവാസമേഖലകളെല്ലാം ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഇറാൻ്റെ സഹായത്തോടെ ആയുധശേഖരം ആധുനികവത്കരിക്കുന്ന ഹൂതികൾ, കഴിഞ്ഞ മാസങ്ങളിൽ യെമനിൽ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരുന്നു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിൻ്റെ പ്രധാന പാതയായ ബാബ് അൽ മന്ദബ് കടലിടുക്കും അതിനോട് ചേർന്നുള്ള ഏകദേശം 150 കിലോമീറ്ററോളം വരുന്ന ചെങ്കടൽ തീരപ്രദേശവും ഹൂതികൾ പിടിച്ചെടുത്തു. ഇത് അന്താരാഷ്ട്ര വ്യാപാര മേഖലയ്ക്കും യെമൻ ഗവൺമെന്റിനും കനത്ത തിരിച്ചടിയായിരുന്നു.

യെമൻ സ‍ർക്കാരിൻ്റെ താൽക്കാലിക തലസ്ഥാനമായ അദനെയും തന്ത്രപ്രധാന നഗരമായ തായിസിനെയും ബന്ധിപ്പിക്കുന്ന പ്രധാന വിതരണ പാത കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ ആക്രമിച്ചു കീഴടക്കിയിരുന്നു. ഇതോടെ തായിസ് നഗരം പൂർണമായും സ‍ർക്കാർ നിയന്ത്രണത്തിൽ നിന്ന് ഒറ്റപ്പെടുകയും ഹൂതികളുടെ ഉപരോധത്തിലാവുകയും ചെയ്തു. ഈ അടിയന്തര സാഹചര്യമാണ് പുതിയ സൈനിക പ്രഖ്യാപനത്തിലേക്ക് നയിച്ചത്.

സമാധാനത്തിനുള്ള എല്ലാ സാധ്യതകളും ഹൂതികൾ ഇല്ലാതാക്കിയ സാഹചര്യത്തിലാണ് അന്തിമ തീരുമാനമെന്നാണ് പ്രസിഡന്റ് റഷാദ് അൽ അലിമിയുടെ വിശദീകരണം. ഹൂതികളുടെ സൈനിക താവളങ്ങളിൽ നിന്നും വിതരണ പാതകളിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞുനിൽക്കണമെന്ന് പ്രസി‍ഡൻ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, ആയുധം വെച്ചു കീഴടങ്ങുന്ന ഹൂതികൾക്ക് പൊതുമാപ്പ് നൽകുമെന്നും റഷാദ് അൽ അലിമി പ്രഖ്യാപിച്ചു.

അതേസമയം സൈനിക നീക്കം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തങ്ങൾക്ക് നേരെ സൗദി സഖ്യസേന കഴിഞ്ഞ മണിക്കൂറുകളിൽ 50 ഓളം വ്യോമാക്രമണങ്ങൾ നടത്തിയതായി ഹൂതികൾ ആരോപിച്ചു. ഇതിന് പ്രതികാരമായി റിയാദിലുള്ള സൗദി അരാംകോയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഹൂതികൾ അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആയുധ നിർമ്മാണ ശേഷിയും വിതരണ ശൃംഖലയും മുൻപത്തേക്കാൾ ശക്തമെന്ന് ഇറാൻ സേന
ഹൂത്തികളിൽ നിന്ന് രാജ്യത്തിന്റെ ഭാഗങ്ങൾ മോചിപ്പിക്കാനുള്ള സൈനിക നടപടി പ്രഖ്യാപിച്ച് യെമൻ