ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു.

ടെഹ്‌റാൻ: അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം. ഹൂത്തികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. ഹോര്‍മൂസില്‍ രണ്ട് മണിക്കൂറിനിടെ 2 എണ്ണ ടാങ്കറുകള്‍ കൂടി സ്ഫോടനത്തിരയായതായി ഐആര്‍ജിസി അറിയിച്ചു.

ഇറാൻ–അമേരിക്ക പോരാട്ടത്തിനൊപ്പമാണ് യമനിലും സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. സൗദിയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഹൂത്തികളുടെ ആക്രണമം റിയാദിലെ സുപ്രധാന സാമ്പത്തിക വ്യാപാര കേന്ദ്രമായ കിം അബ്ദുള്ള ഫിനാന്‍ഷ്യല്‍ ടവറില്‍ എത്തിയതോടെ സൗദിയും തിരിച്ചടിയുടെ ശക്തി വര്‍ധിപ്പിച്ചു. ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണ ശാലകൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ ഉൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു. ആക്രമണത്തെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. സൗദിക്ക് പിന്തുണയും പ്രഖ്യാപിച്ചു. അതിനിടെ, അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടൽപാതയുടെ നിയന്ത്രണം ആഗോള ചരക്കുനീക്കത്തില്‍ നിർണായകമാകും.

യുദ്ധം നീണ്ടുപോകുന്ന സാഹചര്യം അംഗീകരിക്കില്ലെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് വക്താവ് ഹൊസൈൻ മൊഹെബ്ബി വ്യക്തമാക്കി. ഒന്നുകിൽ യുദ്ധഭൂമിയിൽ കാര്യങ്ങൾ തീരുമാനിക്കപ്പെടണം, അല്ലെങ്കിൽ അമേരിക്ക ഇറാന്റെ ഉപാധികൾ അംഗീകരിക്കണമെന്നുമാണ് നിലപാട്. ഇറാനെതിരെ ശക്തമായ ആക്രമണത്തിന് ട്രംപ് ഒരുങ്ങുന്നതായി ഇന്നലെ ഇസ്രയേലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24 മണിക്കൂറിനിടെ രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസില്‍ മൈനുകളില്‍ തട്ടി സ്പോടനത്തിന് ഇരയായതായി ഐ.ആർ.ജി.സി. അറിയിച്ചു. എന്നാല്‍ കപ്പലുകളുടെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

YouTube video player