
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പറയുന്ന വീടിന് തറക്കല്ലിട്ടിട്ട് നൂറു ദിവസം പിന്നിട്ടു. എന്നാൽ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ കാട്ടാനത്തോട്ടത്തിൽ വീടു പോയിട്ട് കോൺഗ്രസ് ഇട്ട കല്ലും കാണാനില്ലെന്നാണ് സിപിഎമ്മിന്‍റെ വിമര്‍ശനം. ഫെബ്രുവരി 26നാണ് രാഹുൽ ഗാന്ധിയും സ്ഥലം എംപി പ്രിയങ്കയും ഒന്നിച്ചെത്തി കല്ലിട്ടത്. വീട് നിർമാണം ഉടൻ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഭവന പദ്ധതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസിനായിട്ടില്ല.
വീടുകളുടെ നിർമാണത്തിനായി അപേക്ഷ പോലും നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. ശിലാസ്ഥാപനത്തിനായി പണിത പന്തൽ അഴിച്ചുകൊണ്ടുപോയ സ്ഥലത്ത് ഒരു കിണർ കുഴിച്ചതല്ലാതെ മറ്റൊരുപണിയും നടന്നിട്ടില്ലെന്നും സിപിഎമ്മിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന കുറിപ്പിൽ പറയുന്നു. ദുരന്തബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയാണ് കോൺഗ്രസ് പണം പിരിച്ചത്. കോടികൾ പിരിച്ച് മുക്കിയത് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുകണ്ട് ഒടുവിൽ മേപ്പാടി കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി.
ഫെബ്രുവരി 26ന് തറക്കല്ലിടൽ നാടകവും നടത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം രക്ഷിക്കാനായുള്ള നാടകം മാത്രമായി തറക്കല്ലിടൽ അവസാനിച്ചു. ദുരന്തബാധിതർക്ക് 230 വീട് വാഗ്‌ദാനം ചെയ്‌ത് കോടികൾ പിരിച്ച് ഒന്നരവർഷം ധൂർത്തടിച്ചശേഷം 50 വീടിനാണ് കോൺഗ്രസ് കല്ലിട്ടത്. ദുരന്തമുണ്ടായപ്പോൾ രാഹുലും കെപിസിസിയും 100 വീട് വീതം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് 30 വീടും. ഇതിനായി എത്രപിരിച്ചെന്നോ പണം എന്തുചെയ്‌തെന്നോ വ്യക്തമാക്കിയിട്ടില്ല. പുനരധിവാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയായിരുന്നു പിരിവ്. പുനരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാഹുലും പ്രിയങ്കയും തുക നൽകിയില്ല. എംപി ഫണ്ട് സർക്കാരിന് നൽകേണ്ട ആവശ്യമില്ലെന്നാണ് പ്രിയങ്ക പറഞ്ഞത്. കോടികൾപിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്ന് കണ്ടാണ് കുന്നമ്പറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടം വാങ്ങി കല്ലിട്ടതെന്നും സിപിഎം കടുത്ത വിമര്‍ശനം ഉന്നയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam