
കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെയായി കേരളത്തിലെ ജനങ്ങള്‍ കാത്തിരിക്കുന്ന പദ്ധതിയാണ് ശബരി റെയില്‍. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി - എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാകാൻ വഴിയൊരുങ്ങുകയാണ്. ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലാണ് പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടു പോകാൻ തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിലവിൽ ട്രെയിൻ ഓടാത്ത ഇടുക്കിയും റെയിൽ ഭൂപടത്തിലേക്ക് വരും.
എന്താണ് ശബരി പാത?
111 കിലോമീറ്റർ ദൂരമുള്ള ശബരി പാത, 1997ലെ റെയിൽ ബജറ്റിൽ ആണ് ആദ്യമായി പ്രഖ്യാപിച്ചത്. കാലടി വരെ എട്ടു കിലോമീറ്റർ റെയിൽവേ ലൈൻ നിർമിച്ചെങ്കിലും പദ്ധതി പിന്നെ മുന്നോട്ടുപോയില്ല.
പാതയ്ക്കായി ഭൂമി വിട്ടുനൽകിയ 2862 കുടുംബങ്ങൾ ഇന്നും നഷ്ടപരിഹാരം കിട്ടാതെ പ്രതിസന്ധിയിലാണ്. അങ്കമാലിയില്‍ ആരംഭിച്ച് കോട്ടയം ജില്ലയിലെ രാമപുരം വരെ 72 കിലോമീറ്റര്‍ ആണ് പദ്ധതിക്കു വേണ്ടി റവന്യു വകുപ്പും റെയില്‍വേയും ചേര്‍ന്ന് കല്ലിട്ട് തിരിച്ചിരിക്കുന്നത്. ഇവിടെയുള്ള ജനങ്ങൾ സ്വന്തം ഭൂമി ക്രയവിക്രയം ചെയ്യാനാവാതെ പ്രതിസന്ധിയിലാണ്.
അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ സ്‌റ്റേഷനുകളാണ് നിര്‍ദിഷ്ട പാതയിലുള്ളത്.
തുടക്ക കാലത്തെ കണക്കനുസരിച്ച് 550 കോടി രൂപയ്ക്കു തീരേണ്ടിയിരുന്ന പദ്ധതിയുടെ ഇന്നത്തെ എസ്റ്റിമേറ്റ് 4000 കോടി രൂപയാണ്.
ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയില്‍പാത യാഥാര്‍ഥ്യമായാല്‍ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ വികസനത്തിൽ അത് നിർണായകമാകും. റെയില്‍വേ കടന്നു ചെന്നിട്ടില്ലാത്ത മലയോര മേഖലകളില്‍ 14 റെയില്‍വേ സ്റ്റേഷനുകള്‍ വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam