
തിരുവനന്തപുരം: ഗുരുതരമായി സ്‌ട്രോക്ക് ബാധിച്ച രണ്ട് പേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കി ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രി. ശബരിമല തീര്‍ത്ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിയ്ക്കും (68), ശബരിമലയില്‍ കോണ്‍ട്രാക്ട് വര്‍ക്കറായ എരുമേലി സ്വദേശിയ്ക്കുമാണ് (58) സ്‌ട്രോക്ക് ബാധിച്ചത്. ഒരു വശം തളര്‍ന്ന് സംസാര ശേഷി ഭാഗീകമായി നഷ്ടപ്പെട്ടാണ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
പരിശോധനയില്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കി. കുമ്പളങ്ങി സ്വദേശിനിയെ നവംബര്‍ മാസത്തിലാണ് ചികിത്സ നല്‍കി ഭേദമാക്കിയത്. മകരവിളക്കിനോടനുബദ്ധിച്ച് ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായത് കൊണ്ടാണ് ശരീരം തളര്‍ന്ന് പോകാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 152 പേര്‍ക്കാണ് ഇതുവരെ സ്‌ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്.
സ്‌ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. വായ് കോട്ടം, കൈയ്‌ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്‌ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.
അല്ലെങ്കില്‍ ശരീരം തളരുകയോ മരണംവരെ സംഭവിക്കുകയോ ചെയ്യാം. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ശിരസ് പദ്ധതി ആരംഭിച്ചതും മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ എല്ലാ ജില്ലകളിലേയും ഒരു പ്രധാന ആശുപത്രിയില്‍ സ്‌ട്രോക്ക് യൂണിറ്റ് സ്ഥാപിച്ചു വരുന്നതും. ഇനി രണ്ട് ജില്ലകളില്‍ മാത്രമാണ് സ്‌ട്രോക്ക് യൂണിറ്റ് പൂര്‍ത്തായാകാനുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam