ആലുവ പെൺകുട്ടി, കൊല്ലത്തെ 6 വയസുകാരി, കോഴിക്കോട്ടെ സിദ്ദീഖ്, ആലപ്പുഴയിലെ സിസി; 2023-ൽ കേരളം നടുങ്ങിയ സംഭവങ്ങൾ

Published : Jan 02, 2024, 12:52 AM IST
ആലുവ പെൺകുട്ടി, കൊല്ലത്തെ 6 വയസുകാരി, കോഴിക്കോട്ടെ സിദ്ദീഖ്, ആലപ്പുഴയിലെ സിസി; 2023-ൽ കേരളം നടുങ്ങിയ സംഭവങ്ങൾ

Synopsis

കേരള മനസാക്ഷിയെ നടുക്കിയ, ഞെട്ടിച്ച ഒട്ടേറെ സംഭവങ്ങൾ നടന്ന വർഷമാണ് 2023

തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ, ഞെട്ടിച്ച ഒട്ടേറെ സംഭവങ്ങൾ നടന്ന വർഷമാണ് 2023. ആലുവയിൽ അഞ്ച് വയസുകാരിയെ ഇതര സംസ്ഥാന തൊഴിലാളി തട്ടിക്കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത് കൊന്നതും. കൊല്ലത്ത് ആറ് വയസുകാരിയെ മൂവർ സംഘം തട്ടിക്കൊണ്ടുപോയതും, നടുക്കുന്ന ഓർമ്മകളാണ്. കോഴിക്കോടെ ഹോട്ടൽ വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കിയ ശേഷം കൊന്ന് തള്ളിയതും ഡീഫ് ഫേക്ക് കേസും പത്തനംതിട്ടയിലെ നൗഷാദ് തിരോധാനത്തിന്‍റെ പിന്നാന്പുറ കഥകളും, കേരള മനസാക്ഷിയെ വല്ലാതെ ഉലച്ചിരുന്നു.

ആലുവ

ജൂലൈ 28. അന്ന് ആലുവ മാത്രമല്ല, കേരളം ഒന്നാകെ പേടിച്ച, ഞെട്ടിത്തരിച്ച ദിവസമായിരുന്നു. ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള കുഞ്ഞിനെ കാണാനില്ല. പൊലീസിനൊപ്പം ആ നാട് മുഴുവൻ  കുഞ്ഞിനെ തിരഞ്ഞു. പിറ്റേന്ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്തുനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കുട്ടിയെ കൊന്ന് തള്ളിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു.  ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജ് തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചതും 2023ൽ തന്നെ. 

കൊച്ചി

അമ്മയും കാമുകനും ചേർന്ന് 38 വയസുള്ള കുഞ്ഞിനെ കൊന്നത് കൊച്ചിയിലെ ലോഡ്ജ് മുറിയിൽ. എട്ട് പേർ മരിച്ച കളമശ്ശേരി സ്ഫോടനവും കൊച്ചിക്ക് നോവായി.

കൊല്ലം

കൊല്ലത്തെ ആറ് വയസുകാരിയുടെ തട്ടിക്കൊണ്ടുപോകലായിരുന്നു കഴിഞ്ഞ വ‍ർഷം കേരളം ഞെട്ടലോടെ കേട്ട മറ്റൊരു വാർത്ത. സഹോദരനൊപ്പം ട്യൂഷന് പോകുംവഴിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് ആശ്രാമം മൈതാനത്തുനിന്ന് ആറ് വയസുകാരിയെ കിട്ടിയതോടെ പിരിമുറുക്കം മാറി. അപ്പോഴും പ്രതികളാരെന്ന് അറിയാൻ കേരളം കാത്തിരുന്നു. ഒടുവിൽ ചാത്തന്നൂർ സ്വദേശി പത്മകുമാറും ഭാര്യ അനിതാകുമാരിയും മകൾ അനുപമയും തമിഴ്നാട്ടിലെ പുളിയറയിൽനിന്ന് പിടിയിലായി. കോടികളുടെ സാന്പത്തിക ബാധ്യത തീർക്കാനായിരുന്നു തട്ടിക്കൊണ്ടുപോകൽ.

കോഴിക്കോട്

കോഴിക്കോട്ടെ റെസ്റ്റോറന്‍റ് ഉടമ സിദ്ദിഖിന്‍റെ കൊലപാതകം മറ്റൊന്ന്.  സിദ്ദിഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി, സുഹൃത്ത് ഫർഹാന, ആഷിഖ് എന്നിവർ ചേർന്നായിപുന്നു കൊലപാതകം നടത്തിയത്. പണം തട്ടലായിരുന്നു ലക്ഷ്യം. കോഴിക്കോട് പാലാഴി സ്വദേശി രാധാകൃഷ്ണൻ എന്നയാളിൽനിന്ന് ഡീപ് ഫേക്ക് സാങ്കേതി വിദ്യ ഉപയോഗിച്ച് പണം തട്ടിയത് അടുത്ത സംഭവം. കൂടെ ജോലി ചെയ്യുന്ന ആളെന്ന വ്യാജേന വാട്സ് ആപ്പ് വീഡിയോ കോൾ വഴി സംസാരിച്ച് പണം തട്ടിയത് കൗശൽ ഷാ എന്നയാൾ.

തിരുവനനന്തപുരം

തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹ തലേന്ന് കൊല്ലപ്പെട്ടു അച്ഛൻ രാജു. അയൽവാസിയായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നായിരുന്നു കൊലപാതകം നടത്തിയത്.
 
പത്തനംതിട്ട

കോന്നിയിലെ നൗഷാദ് തിരോധാന കേസ് പത്തനംതിട്ട പൊലീസിനെ കുറച്ചൊന്നുമല്ല ചുറ്റിച്ചത്. മൂന്ന് വർഷം മുന്പ് നൗഷാദ് മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നും പിന്നാലെ ഭാര്യ അഫ്സാന കൊന്നെന്നുമായിരുന്നു റിമാൻഡ് റിപ്പോർട്ട്. അഫ്സാനയുമായി വാടക വീടിന്‍റെ പലയിടത്തും തെരച്ചിൽ നടത്തിയെങ്കിലും തെളിവുകൾ ഒന്നും കിട്ടിയില്ല. തൊടുപുഴയിൽ മാറി താമസിച്ചിരുന്ന നൗഷാദ് ഒടുവിൽ ലോകത്തിന് മുന്നിലേക്ക് എത്തിയതോടെയാണ് പത്തനംതിട്ട പൊലീസിന്‍റെ തലവേദന ഒഴിഞ്ഞത്. 

മണ്ണോ പിണ്ണാക്കോ അല്ല, അമ്പതും നൂറുമല്ല, 303 കിലോ സ്വർണ്ണം, 191 കോടി മതിപ്പ്; കരിപ്പൂർ മാത്രം 2023ൽ പിടിച്ചു

അതേസമയം, ആലപ്പുഴയിലെ വ്യാജ അഭിഭാഷക സിസിയും കോട്ടയം കുമാരനല്ലൂരിൽ നായകളെ കാവൽ നിർത്തിയുള്ള കഞ്ചാവ് കച്ചവടവും ഇടുക്കിയിൽ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന ശേഷം മകൻ ജീവനൊടുക്കിയതും  തൃശ്ശൂർ വടക്കേക്കാട് മുത്തശ്ശനേയും മുത്തശ്ശിയേയും പേരക്കുട്ടി കൊന്നതും 2023ന്‍റെ നടുക്കമായി.  താനൂരിലെ താമിർ ജിഫ്രി പൊലീസ് കസ്റ്റഡിയിൽ മരിച്ചത് ഏറെ കോളിളക്കമുണ്ടാക്കി. പാനൂരിലെ 23 -കാരി വിഷ്ണുപ്രിയയുടെ കൊലപാതകമായിരുന്നു കണ്ണൂരിനെ നടുക്കിയ സംഭവങ്ങളിൽ പ്രധാനം. പ്രണയ പ്പകയിൽ കൊലപാതകം നടത്തിയത് സുഹൃത്ത് ശ്യാംജിത്ത്. കാസർകോട് കുന്പളയിൽ പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് മരിച്ചതും ഏറെ വിവാദമായി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം