അമ്പതും നൂറുമല്ല, അരിയോ പിണ്ണാക്കോ അല്ല; 303 കിലോ സ്വർണ്ണം, വില 191 കോടി രൂപ, 2023-ൽ കരിപ്പൂരിൽ നിന്ന് മാത്രം 

മലപ്പുറം: ഒരു വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടികൂടിയത് 191 കോടി രൂപയുടെ സ്വര്‍ണ്ണം. 270 കിലോയിലധികം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നും 32 കിലോയിലധികം സ്വര്‍ണ്ണം പൊലീസും പിടികൂടി.

കരിപ്പൂര്‍ വഴി ഒഴുകുന്ന സ്വര്‍ണ്ണത്തിന് കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസിന്‍റേയും പൊലീസിന്‍റേയും കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കസ്റ്റംസും പൊലീസും ചേര്‍ന്ന് പിടിച്ചത് 303 കിലോ ഗ്രാം സ്വര്‍ണ്ണം. 191 കോടി രൂപ യാണ് ഇതിന്‍റെ മൂല്യം. ഇതില്‍ 19.22 കോടി രൂപയുടെ സ്വര്‍ണ്ണം പൊലീസാണ് പിടികൂടിയത്. 

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വര്‍ണ്ണമാണ് പോലീസ് പിടികൂടുന്നത്. ഈ സ്വര്‍ണ്ണം എവിടേക്കെത്തുന്നുവെന്നതടക്കമുള്ള കാര്യങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്‍റെ തീരുമാനം. സി ഐ എസ് എഫ് ഉന്നത ഉദ്യോഗസ്ഥന്‍റെ ഒത്താശയോടെയുള്ള സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയതും പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. 

കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സി ഐ എസ് എഫ് അസിസ്റ്റന്റ് കമാന്‍റന്‍റ് ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. ഇയാള്‍ക്കെതിരായ കേസ് വിജിലന്‍സ് കൈമാറാനുള്ള നീക്കത്തിലാണ് പൊലീസ്. ഓരോ തവണ പിടിവീഴുമ്പോഴും സ്വര്‍ണ്ണക്കടത്തില്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടത്തുസംഘങ്ങള്‍. 

ശരീരത്തിന്‍റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയുമൊക്കെ പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. അടിവസ്ത്രത്തിലുള്‍പ്പെടെ സ്വര്‍ണ്ണ മിശ്രിതം തേച്ചു പിടിപ്പിച്ച് പിടിയിലായ വിരുതരുമുണ്ട്. ഫ്ലാസ്കിലും ട്രിമ്മറിന്‍റെ മോട്ടോറിലും തുടങ്ങി മിക്സിക്കുള്ളില്‍ വരെ സ്വര്‍ണ്ണമൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് പിടിയിലായവരുമുണ്ട്.

ബ്രെഡ് ടോസ്റ്ററിനുള്ളില്‍ സ്വര്‍ണം, പിടികൂടിയത് ഒന്നര കിലോ! കോഴിക്കോട്, കാസര്‍കോട് സ്വദേശികൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം