
കൊച്ചി : സംസ്ഥാനത്ത് റോഡ് അപകടമരണങ്ങൾ ദിവസേനെ വർധിക്കുകയാണ്. ജല അതോറിറ്റി കുഴിച്ച കുഴി പത്ത് ദിവസം മൂടാതെ കിടന്നതാണ് കളമശ്ശേരിയിലെ ശ്യാമിൽ എന്ന ഇരുപത്തിയൊന്നുകാരന്റെ ജീവനെടുത്തത്. മുണ്ടംപാലത്തെ കുഴിയ്ക്ക് ചുറ്റും ഒരു റിബൺ പോലും വലിച്ച് കെട്ടാതെ യാതൊരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാതെയാണ് കരാറുകാരൻ കുഴി മൂടാതെ ഇട്ടത്. റോഡിൽ നിർമ്മാണ പ്രവർത്തികൾ നടത്തുമ്പോൾ, ട്രാഫിക് പൊലീസിൽ നിന്ന് അനുമതി വാങ്ങണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല. ജല അതോറിറ്റിയുടെ അനാസ്ഥയാണ് മകന്‍റെ ജീവനെടുത്തതെന്ന് ശ്യാമിലിന്‍റെ അച്ഛൻ പറഞ്ഞു. സംഭവം നടന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ആരെയും പൊലീസ് പ്രതി ചേർക്കാത്തതിൽ കടുത്ത അമർഷത്തിലാണ് കുടുംബം.
ജനുവരി 21 ന് ശുദ്ധജലപൈപ്പ് പൊട്ടിയതിന്‍റെ തുടർന്നാണ് പത്തടി നീളത്തിൽ മുണ്ടംപാലത്ത് കുഴിയെടുത്തത്. വലിയ കുഴി മൂടിയെങ്കിലും പത്ത് ദിവസം വരെ മുകളിൽ കട്ടവിരിച്ച് പണി പൂർത്തിയാക്കിയില്ല. വലിയ വാഹനങ്ങൾ കയറിയിറങ്ങി ഈർപ്പമുള്ള മണ്ണ് ഉറയ്ക്കുന്നതിനാണ് കട്ടവിരിക്കാതെ ഇട്ടതെന്നാണ് കരാറുകാരന്‍റെ വിചിത്ര ന്യായീകരണം.
റോഡ് പൊളിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ജല അതോറിറ്റിയോ കരാറുകാരനോ ഒരു അനുമതിയും തേടിയിരുന്നില്ലെന്ന് കൊച്ചി ഈസ്റ്റ് ട്രാഫിക് പൊലീസ് അസിസ്റ്റൻഡ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാഫിക് പൊലീസിന്‍റെ അറിവോടെ അല്ലാത്തതിനാൽ നിർമ്മാണത്തിനും തുടർന്നും ചട്ടപ്രകാരമുള്ള മേൽനോട്ടവും ഉണ്ടായില്ല. ഫെബ്രുവരി 2 ന് നടന്ന സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും ജലഅതോറിറ്റി ഉദ്യോഗസ്ഥരെയോ കരാറുകാരനെയോ ഇത് വരെയും പ്രതി ചേർത്തിട്ടില്ല. ഉദ്യോഗസ്ഥ അനാസ്ഥ ഇങ്ങനെ തുടരുമ്പോൾ ഈ അച്ഛന്‍റെയും അമ്മയുടെയും കണ്ണീരിന് ആര് ഉത്തരം പറയുമെന്നാണ് ചോദ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam