ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. എംവി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.
ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.
പരിഗണിക്കണ്ടതില്ല എന്ന എംവി ഗോവിന്ദന്റെ വാർത്തസമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടർന്നാണ് പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ എടുത്തത്. എന്നാൽ, സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് നിലവിൽ സിപിഎം. എംവി ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. താൻ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാർട്ടി അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി സുധാകരൻ മെമ്പർഷിപ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.
പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും ഫോണിൽ വിളിച്ചിരുന്നു. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നാണ് സുധാകരൻ നാസറിനോട് പറഞ്ഞത്. ഇന്നലെ രാവിലെയാണ് ഇനി പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്.
സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു. എം വി ഗോവിന്ദൻ താൻ പരിഗണന അർഹിക്കുന്നില്ലെന്നു പറഞ്ഞു. എം വി ഗോവിന്ദന്‍റേത് ശരിയല്ലാത്ത പ്രയോഗമാണ്. പാര്‍ട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു ആരും തിരുത്തിയില്ലെന്നും ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം ആഘോഷിച്ചപ്പോൾ തനിക്ക് ക്ഷണക്കത്ത് പോലും നൽകിയില്ല. ആദർശ ആശയങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം നിൽക്കും. നിയമ സഭ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജി സുധാകരന്‍റെ കടന്നാക്രമണം. വാർത്താ സമ്മേളനത്തിലെ എം വി ഗോവിന്ദന്‍റെ പരാമർശം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.



