
തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമാംവിധം കുറഞ്ഞ 27-കാരന് അത്യാധുനിക 'കാർഡിയോ-ന്യൂറോ അബ്ലേഷൻ' ചികിത്സാരീതിയിലൂടെ ആശ്വാസം പകർന്ന് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് ഈ അത്യാധുനിക കീഹോൾ ചികിത്സയിലൂടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ജോലിസ്ഥലത്ത് അമിതമായ ക്ഷീണവും ബോധക്ഷയവും നേരിട്ടിരുന്ന യുവാവിനെ ക്ഷീണിതനായ നിലയിലാണ് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിൽ രോഗിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 32 ആയി കുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. സാധാരണയായി ഇത്തരം രോഗികൾക്ക് ശരീരത്തിൽ സ്ഥിരമായി പേസ്മേക്കർ ഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ യുവാവിന്‍റെ പ്രായം കണക്കിലെടുത്തും, ഭാവിയിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമായി കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്‍റ് ഡോ. അനീസ് താജുദ്ദീന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം 'കാർഡിയോ-ന്യൂറോ അബ്ലേഷൻ' എന്ന ചികിത്സാരീതി തിരഞ്ഞെടുക്കുകയായിരുന്നു.
'റേഡിയോ ഫ്രീക്വൻസി എനർജി' ഉപയോഗിച്ച് ഹൃദയമിടിപ്പ് അമിതമായി കുറയ്ക്കാൻ കാരണമാകുന്ന ഹൃദയത്തിലെ ഉൾനാഡികളെ കൃത്യമായി നിയന്ത്രിക്കുകയും, ശരീരത്തിൽ ബാഹ്യമായ ഉപകരണങ്ങൾ ഒന്നും ഘടിപ്പിക്കാതെ തന്നെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിലാക്കുകയുമാണ് ഈ ചികിത്സാരീതിയിലൂടെ ചെയ്തത്. "ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിക്കാതെ തന്നെ കുറഞ്ഞ ഹൃദയമിടിപ്പുള്ള രോഗികളെ ചികിത്സിക്കാൻ സാധിക്കുന്ന മികച്ചൊരു മുന്നേറ്റമാണ് ഈ കീഹോൾ ചികിത്സ. സങ്കീർണ്ണമായ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മെഡിക്കൽ രംഗത്തുണ്ടായ വലിയൊരു മാറ്റമാണിത്," ഡോ. അനീസ് താജുദ്ദീൻ പറഞ്ഞു. കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ. ജെ എന്നിവരും ചികിത്സയുടെ ഭാഗമായി. രണ്ടു മണിക്കൂർ നീണ്ടുനിന്ന ചികിത്സക്ക് ശേഷം രോഗി അതിവേഗം സുഖം പ്രാപിക്കുകയും മൂന്നാം ദിവസം ആശുപത്രി വിടുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam