17 വർഷം, പൊലീസും സിബിഐയും അന്വേഷിച്ചിട്ടും തുമ്പില്ല; രാജുവിന്റെ മരണത്തിലും ചർച്ചയായി രാഹുലിന്റെ തിരോധാനം

Published : May 23, 2022, 08:52 AM ISTUpdated : May 23, 2022, 09:04 AM IST
17 വർഷം, പൊലീസും സിബിഐയും അന്വേഷിച്ചിട്ടും തുമ്പില്ല; രാജുവിന്റെ മരണത്തിലും ചർച്ചയായി രാഹുലിന്റെ തിരോധാനം

Synopsis

വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആർ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരൻ രാഹുലിനെ 2005 മേയ് 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവൻ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം ഫലം കണ്ടില്ല.

ആലപ്പുഴ: വീ‌ടിനടുത്ത് മൈതാനത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെയാണ് രാഹുലിനെ അവസാനമായി കണ്ടത്. പിന്നെ ആരും ഐ ഏഴുവയസ്സുകാരനെ കണ്ടിട്ടില്ല. പൊലീസും സിബിഐയും 17 വർഷം മാറിമാറി അന്വേഷിച്ചിട്ടും രാഹുൽ എവിടെ എന്ന ചോദ്യം  അന്വേഷണ സംഘത്തിന് മുന്നിൽ ഉത്തരം കിട്ടാതെ സമസ്യയായി തുടരുന്നു..  ആലപ്പുഴ‌യിൽ 55കാരനായ രാജുവിന്റെ ആത്മഹത്യയെ തുടർന്ന് 17 വർഷം മുൻപു കാണാതായ മകൻ രാഹുലിന്റെ തിരോധാനം വീണ്ടും ചർച്ചയാകുകയാണ്. കേരളാ പൊലീസിനെയും സിബിഐ‌യെയും കുഴക്കിയ കേസായിരുന്നു ഏഴ് വയസ്സുകാരനായ രാഹുലിന്റെ തിരോധാനം. സംസ്ഥാനമൊട്ടാകെ മാധ്യമങ്ങൾ രാഹുലിന്റെ തിരോധാനം ചർച്ച ചെയ്തു. 19 മാസം പൊലീസും പിന്നീട് സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ യൂണിറ്റുകളും ഒന്നരപതിറ്റാണ്ട് അന്വേഷിച്ചിട്ടും രാഹുലിനെ കാണാമറയത്തുനിന്ന് പുറത്തുകൊണ്ടുവരാനായില്ല. .

ആശ്രമം വാർഡിലെ വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് എ ആർ രാജുവിന്റെയും മിനിയുടെ മകനായ ഏഴു വയസ്സുകാരൻ രാഹുലിനെ 2005 മേയ് 18നു ദുരൂഹമായി കാണാതായത്. നാടുമുഴുവൻ തിരഞ്ഞിട്ടും രാഹുലിനെ കണ്ടെത്തിയില്ല. പിന്നീട് പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് അന്വേഷണം ഫലം കണ്ടില്ല. സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ  ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. എന്നാൽ കുടുംബം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഒന്നരപതിറ്റാണ്ടോളം സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങൾ മാറിമാറി അന്വേഷിച്ചിട്ടും രാഹുലിനെപ്പറ്റി ഒരു സൂചനയും കിട്ടിയില്ല.

രാഹുലിന്റെ അച്ഛൻ രാജു. രാഹുലിനെ കാണാതാകുമ്പോൾ രാജു ​ഗൾഫിലായിരുന്നു.

19 മാസമാണ് കേരളാ പൊലീസ് അന്വേഷിച്ചത്. അയൽവാസികളെയടക്കം നിരവധി പേരെ ചോദ്യം ചെയ്തു.  രാഹുലിനെ കൊലപ്പെടുത്തി മൃതദേഹം ചതുപ്പിലേക്ക് തള്ളിയതായി സമ്മതിച്ച അയൽവാസിയായ മധ്യവയസ്‌കനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ മൃതദേഹം കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെ ആ വഴിയും അടഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ മൊഴി വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് കണ്ടെത്തി.സിബിഐയും പൊലീസിന്റെ വഴിയെയാണ് നീങ്ങിയത്. അയൽക്കാർ ഉൾപ്പെടെയുള്ളവരെ സിബിഐ ചോദ്യം ചെയ്തു. 2006 ഫെബ്രുവരിയിൽ, അയൽവാസിയായ യുവാവിനെയും നേരത്തെ ആരോപണവിധേയനായ വ്യക്തിയെയും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയമാക്കിയെങ്കിലും അനുകൂലമായ ഒന്നും കണ്ടെത്തിയില്ല. 

ശാസ്ത്രീയ അന്വേഷണങ്ങൾക്കും ഫലമില്ലാതായതോടെ 2013ൽ അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ തീരുമാനിച്ചു. ഇതു ചോദ്യം ചെയ്തു ബന്ധുക്കൾ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന വാദത്തിൽ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാൻ കോടതി നിർദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ൽ കോടതിക്കു റിപ്പോർട്ട് നൽകിയപ്പോൾ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

എങ്കിലും ഒരു നാൾ രാഹുൽ വീട്ടിലേക്കു കയറി വരുമെന്ന പ്രതീക്ഷ രാജുവിനും കുടുംബത്തിനും ഉണ്ടായിരുന്നു.  രാഹുലിനെ കാണാതാകുമ്പോൾ പിതാവ് രാജു കുവൈത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ ശാരീരിക അസ്വസ്ഥതകളും മറ്റും പിടികൂടി. മകന്റെ തിരോധാനം മാനസികമായി തകർത്തു. കണ്ണടയ്ക്കും മുമ്പ്  മകനെ അവസാനമായി കാണണമെന്ന ആ​ഗ്രഹം ബാക്കിയാണ് രാജു മടങ്ങിയത്. 

ഞായറാഴ്ച രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകൾ ശിവാനി മുത്തശ്ശിയോടൊപ്പം ബന്ധുവീട്ടിൽ പോയിരുന്നു. ഇവർ തിരിച്ചെത്തി വാതിലിൽ മുട്ടിയപ്പോൾ തുറന്നില്ല. സമീപത്തെ വീട്ടിൽനിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്ത് പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികൾ പറഞ്ഞു.

ആലപ്പുഴയിൽ നിന്ന് 17 വർഷം മുൻപ് കാണാതായ രാഹുലിന്റെ അച്ഛൻ ജീവനൊടുക്കി

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം