സംവരണ റൊട്ടേഷൻ മാറ്റി തടിയൂരി? ഷംസീറിന്‍റെ ഭാര്യയ്ക്ക് കാലിക്കറ്റിൽ നിയമനമില്ല

Published : Jan 30, 2021, 02:33 PM ISTUpdated : Jan 30, 2021, 02:37 PM IST
സംവരണ റൊട്ടേഷൻ മാറ്റി തടിയൂരി? ഷംസീറിന്‍റെ ഭാര്യയ്ക്ക് കാലിക്കറ്റിൽ നിയമനമില്ല

Synopsis

രണ്ട് സിപിഎം നേതാക്കളുടെ ഭാര്യമാർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന് കാണിച്ച്, നിയമനത്തിന് മുമ്പ്  ഉദ്യോഗാർത്ഥികൾ കോടതിയിലെത്തിയിട്ടും തസ്തികകളിൽ സംവരണ റൊട്ടേഷൻ ഏതിലാണെന്നോ ഏത് സംവരണമാണെന്നോ സർവ്വകലാശാല  വ്യക്തമാക്കിയിരുന്നില്ല.

കോഴിക്കോട്: എ എൻ ഷംസീറിന്‍റെ ഭാര്യ ഉൾപ്പെട്ട പട്ടികയിലെ ആദ്യ രണ്ട് റാങ്കുകാർക്ക് കാലിക്കറ്റ് സർവ്വകലാശാല നിയമനാംഗീകാരം നൽകി. വിവാദം കണക്കിലെടുത്താണ് ഷഹലയെ ഒഴിവാക്കിയതെന്നാണ് സൂചന. ഇതുൾപ്പടെ 43 അധ്യാപക തസ്തികകളിലേക്കാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.

കാലിക്കറ്റ് സർവകലാശാല എജ്യൂക്കേഷൻ വിഭാഗത്തിൽ രണ്ട് അധ്യാപക ഒഴിവുകളാണ് ഉണ്ടായിരുന്നത്. എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹല കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്‍റര്‍വ്യൂവില്‍ മൂന്നാം റാങ്കുകാരിയായിരുന്നു. ഈ ഇന്‍റർവ്യൂവിലെ ആദ്യ രണ്ട് റാങ്കുകാർക്ക് നിയമനം കിട്ടി. ഇതടക്കം 16 വകുപ്പുകളിലേക്കായി 43 അധ്യാപകരുടെ നിയമനത്തിനാണ് ഇന്ന് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്. എസ്എഫ്ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി കെ അബ്ദുളള നവാസിന്‍റെ ഭാര്യ ഡോ. റീഷ കാരാളിക്കാണ് ഈ അഭിമുഖത്തിൽ ഒന്നാം റാങ്ക് ലഭിച്ചത്. 

രണ്ട് സിപിഎം നേതാക്കളുടെ ഭാര്യമാർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടെന്ന് കാണിച്ച്, നിയമനത്തിന് മുമ്പ്  ഉദ്യോഗാർത്ഥികൾ കോടതിയിലെത്തിയിട്ടും തസ്തികകളിൽ സംവരണ റൊട്ടേഷൻ ഏതിലാണെന്നോ ഏത് സംവരണമാണെന്നോ സർവ്വകലാശാല  വ്യക്തമാക്കിയിരുന്നില്ല. ഷഹലയുടെ ഗവേഷണ ഗൈഡിനെ ഇന്റർവ്യൂ ബോർഡിലുൾപ്പെടുത്തുകയും ചെയ്തു. മുസ്ലിം സംവരണമാണ് നൽകിയതെങ്കിൽ ഷഹലയ്ക്കായിരുന്നു നിയമനം കിട്ടേണ്ടിയിരുന്നത്. 

വിവാദം ഉയർന്നതോടെ, സംവരണ റൊട്ടേഷൻ മാറ്റി  നിയമനം നൽകുകയായിരുന്നു എന്നാണ് സൂചന. എക്കണോമിക്സ് വകുപ്പിലെ നിയമനത്തിലും സമാനമായ രീതിയിൽ സ്വജനപക്ഷപാത ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ ഉയർത്തി സർവ്വകലാശാലയിലെ ലീഗ് അനുകൂല ജീവനക്കാരുടെ സംഘടനയും യൂത്ത് കോണ്‍ഗ്രസ്സും സിൻഡിക്കേറ്റ് യോഗഹാളിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. അതേ സമയം സ്വജനപക്ഷപാതം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ വകുപ്പ് മന്ത്രി കെ ടി ജലീൽ സേവ് യൂണിവേഴ്സിറ്റി ഫോറത്തെ രൂക്ഷമായി വിമർശിച്ചു. 

സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്നെതിരെ മന്ത്രി

എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ ജോലിക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ടെന്ന് മന്ത്രി കെ ടി ജലീൽ. ജെആർഎഫ് ഉൾപ്പടെയുണ്ട്. എംഎൽഎയുടെ ഭാര്യയെന്നത് അയോഗ്യതയല്ല, അധികയോഗ്യതയുമല്ല, എല്ലാ നല്ല കാര്യങ്ങൾക്കും തടയിടുകയാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ എന്നും രൂക്ഷവിമർശനവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീൽ രംഗത്തെത്തി. 

എന്തായിരുന്നു വിവാദം?

ഷഹലയ്ക്ക് നിയമനം നല്‍കാനായി അവരുടെ റിസര്‍ച്ച് ഗൈഡായിരുന്ന ഡോ. പി കേളുവിനെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി. എഡ്യൂക്കേഷൻ വകുപ്പ് മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള്ളപ്പോഴാണ് അവിടെ നിന്ന് വിരമിച്ച അധ്യാപകനെ പ്രസ്തുത വിഷയത്തിലെ വിദഗ്ധൻ എന്ന നിലയില്‍ ബോർഡിൽ ഉൾപ്പെടുത്തിയത്. 

ഗവേഷണ മേൽനോട്ടം വഹിച്ച വ്യക്തി ഗവേഷക വിദ്യാർഥി പങ്കെടുക്കുന്ന ഇന്റർവ്യൂവിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാറാണ് പതിവെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റിയുടെ പരാതിയില്‍ പറയുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ 126 ഓളം അധ്യാപക തസ്തികകളില്‍ ഉടന്‍ നിയമനം നടക്കുമെന്നും ഇവിടെയെല്ലാം ഇഷ്ടക്കാരെ തിരുകി കയറ്റാനാണ് നീക്കമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയിലുണ്ട്. 

നേരത്തെ ഷംസീറിന്‍റെ ഭാര്യ ഷഹലയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നല്‍കിയ നിയമനം വിവാദമാവുകയും നിയമനം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാല്‍, റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജ് പറഞ്ഞിരുന്നു. ഉദ്യോഗാര്‍ത്ഥിയുടെ റിസര്‍ച്ച് ഗൈഡായിരുന്ന വ്യക്തിയെ ഇന്‍റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതില്‍ അപാകതയില്ലെന്നും വിസി വ്യക്തമാക്കിയിരുന്നു. 

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും