ആലുവയില്‍ റോഡിലെ കുഴിയില്‍വീണു, ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി, സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

By Web TeamFirst Published Sep 15, 2022, 4:40 PM IST
Highlights

ആഗസ്റ്റ് 20 നാണ് ടൂ വീലര്‍ കുഴിയില്‍ വീണ് കുഞ്ഞുമുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളായി ഓര്‍മ്മയും സംസാരശേഷിയും നഷ്ടമായി ചികിത്സയിലായിരുന്നു. 

ആലുവ: അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞു മുഹമ്മദാണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകിട്ടാണ് കുഞ്ഞു മുഹമ്മദ് മരിച്ചത്. ആലുവ പെരുമ്പാവൂര്‍ റോഡിലെ ചാലക്കൽ പതിയാട്ട് കവലയിലെ കുഴിയിൽ വീണാണ് ദിവസങ്ങള്‍ക്ക് മുമ്പ് കുഞ്ഞു മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റത്. 

തലയടിച്ച് വീണതിനാൽ ദിവസങ്ങളായി സംസാര ശേഷിയും ഓർമ്മശ്കതിയും നഷ്ടമായി ആശുപത്രിയിൽ കഴിയുകയായിരുന്നു. മൃതദേഹം വൈകിട്ടോടെ കുന്നത്തുകരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. തന്‍റെ രക്ഷിതാവിനുണ്ടായ അവസ്ഥ ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ കുഴി അടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കുഞ്ഞു മുഹമ്മദിന്‍റെ മകൻ പറഞ്ഞു. കുഞ്ഞു മുഹമ്മദ് വീണ കുഴിയിൽ ഇന്നും ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നു. 

ഇയാൾ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആലുവ പെരുമ്പാവൂര്‍ റോഡിലെ മരണക്കുഴികളിൽ വീണ് ദിനംപ്രതി യാത്രക്കാർക്ക് അപകടമുണ്ടാകുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്ത് വന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദിന്‍റെ മരണത്തിന് സർക്കാർ ആണ് ഉത്തരവാദിയെന്ന് ആലുവ എം എൽ എ അൻവർ സാദത്ത് പറഞ്ഞു.

ആലുവ - പെരുമ്പാവൂർ റോഡിലെ  അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെയാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട്. റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡിൽ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂർത്തിയാകാത്തതിനാൽ ബില്ലുകൾ നൽകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

click me!