Asianet News MalayalamAsianet News Malayalam

ആലുവ-പെരുമ്പാവൂർ റോഡിലെ അപകടകുഴികൾ; കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെ വിജിലൻസ് അന്വേഷണ റിപ്പോർട്ട്

റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

aluva perumbavoor road Vigilance investigation report without blaming contractor and officials
Author
First Published Sep 15, 2022, 11:36 AM IST

കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡിലെ  അപകടകുഴികളില്‍ കരാറുകാരനെയും ഉദ്യോഗസ്ഥരെയും പഴിചാരാതെ വിജിലൻസ് അന്വേഷണ റിപ്പോർട്ട്. റോഡിൽ പത്തിലേറെ സ്ഥലത്ത് കുഴികൾ ഉണ്ടായിട്ടുണ്ടെന്നും കരാർ പ്രകാരമുള്ള 11.7 കിലോ മീറ്റർ ജോലി മുഴുവൻ പൂർത്തിയാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റോഡിൽ ഇനി രണ്ടര കിലോ മീറ്ററിലെ അറ്റക്കുറ്റപ്പണി ബാക്കിയുണ്ട്. ജോലി പൂർത്തിയാകാത്തതിനാൽ ബില്ലുകൾ നൽകിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

സർക്കാറിന് പ്രത്യക്ഷത്തിൽ സാമ്പത്തിക നഷ്ടമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കഴിഞ്ഞ വർഷവും ഇതേ റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 15 ലക്ഷം രൂപയ്ക്കാണ് അന്ന് അറ്റകുറ്റപ്പണി നടത്തിയത്. കരാർ കാലാവധി ആറ് മാസമായതിനാൽ അറ്റക്കുറ്റപ്പണി നടത്താൻ മുൻ കരാറുകാരനും ബാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് വിജിലൻസ് പ്രാഥമിക പരിശോധന റിപ്പോർട്ട് തയ്യാറാക്കിയത്.

അതേസമയം, ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റ പണികൾ നടത്തിയ ആലുവ  പെരുമ്പാവൂർ റോഡിൽ  അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കുഴിയിൽ  വീണുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നാട്ടുകാർ കല്ലും മണ്ണുമിട്ട് കുഴികൾ അടച്ചു. ഇതിനെതിരെ നാട്ടുകാർ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റോഡ് പശവച്ചാണോ ഒട്ടിക്കുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.

എന്നാല്‍, കിഫ്ബിയുമായി ബന്ധപ്പെട്ട തർക്കമുള്ളതിനാലാണ് ആലുവ-പെരുമ്പാവൂർ റോഡ് പണി തുടങ്ങാനാകാത്തതെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറയുന്നത്. 24 മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട്. എന്നാൽ 16 മീറ്റർ മതിയെന്ന് നാട്ടുകാർ പറയുന്നു. തർക്കം പരിഹരിക്കാൻ സമയമെടുക്കും എന്നത് കൊണ്ടാണ് തൽകാലത്തേക്ക് പാച്ച് വർക്ക് ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios