
തിരുവനന്തപുരം: അട്ടപ്പാടി മധു കൊലക്കേസിൽ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് വിസ്‌തരിച്ച നാല് സാക്ഷികളും കൂറുമാറി. 32, 33, 34, 35 സാക്ഷികള്‍ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 33-ാം സാക്ഷി രഞ്ജിത്, 34-ാം സാക്ഷി മണികണ്ഠൻ, 35-ാം സാക്ഷി അനൂപ് എന്നിവർ മൊഴി തിരുത്തിയത്. ഇതോടെ കൂറ് മാറിയവരുടെ എണ്ണം 20 ആയി.
അതേസമയം, കൂറുമാറിയ 29 ആം സാക്ഷി സുനിൽ കുമാറിനെ മണ്ണാർക്കാട് എസി എസ്ടി വിചാരണക്കോടതി വീണ്ടും വിസ്തരിച്ചു. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങൾ വീണ്ടും പ്രദർശിപ്പിച്ചായിരുന്നു പുനർ വിസ്താരം. മൂന്ന് ദൃശ്യങ്ങൾ വീണ്ടും കാണിച്ചതോടെ ഇന്നലെത്തെ മൊഴി സുനിൽ കുമാർ തിരുത്തി. ദൃശ്യങ്ങളിൽ ഉള്ളത് എന്നെപ്പോലത്തെ ഒരാളാണെന്നും സുനിൽ കുമാര്‍ മാറ്റിപ്പറഞ്ഞു. പ്രതിഭാഗത്തിന്‍റെ തടസ്സ വാദങ്ങൾ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികൾ. നേത്ര പരിശോധനയുടെ വിശദമായ റിപ്പോർട്ട് വരുംവരെ കാത്ത് നിൽക്കണം എന്ന ആവശ്യവും കോടതി നിരസിച്ചു. സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷൻ ഹർജി നാളെ പരിഗണിക്കും.
Also Read: പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു സുനിൽ കുമാർ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി കോടതിയിൽ സുനിൽ തിരുത്തി. ഇതോടെ, പ്രോസിക്യൂഷൻ ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നൽകുകയും ചെയ്തു. മധുവിനെ പ്രതികൾ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്. സാക്ഷിയായ സുനിൽ കുമാര്‍ നോക്കി നിൽക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. എന്നാൽ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പാലക്കാട് ആശുപത്രിയിൽ വെച്ച് പരിശോധന നടത്തുകയും കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam