'കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ല, ബാക്കിയെല്ലാം മാധ്യമനിർമിതി', എ വിജയരാഘവൻ

By Web TeamFirst Published Jul 6, 2021, 11:16 AM IST
Highlights

തെരഞ്ഞെടുപ്പിലുള്‍പ്പടെ വലിയ പരാതിയും വിയോിജിപ്പും എല്‍ഡിഎഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെഎം മാണിയെ തൊട്ടപ്പോള്‍ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ്. 

തിരുവനന്തപുരം: നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ കെ എം മാണി എന്ന പേര് പറഞ്ഞിട്ടില്ലെന്ന് എൽഡിഎഫ് കൺവീനറും ആക്ടിംഗ് സംസ്ഥാനസെക്രട്ടറിയുമായ എ വിജയരാഘവൻ. യുഡിഎഫിന്‍റെ അഴിമതിക്കെതിരായിരുന്നു സമരം. വ്യക്തിപരമായി കെ എം മാണി അഴിമതി നടത്തിയിട്ടില്ല എന്ന് വിജിലൻസും കണ്ടെത്തിയതാണ്. സർക്കാരിന്‍റെ അഴിമതിക്കെതിരെയാണ് സമരമെന്നാണ് കോടതിയിൽ പറഞ്ഞതെന്നും, ബാക്കിയെല്ലാം മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാണെന്നുമാണ് എ വിജയരാഘവൻ പറയുന്നത്.

എന്നാൽ അന്നത്തെ ധനമന്ത്രിക്കെതിരായ അഴിമതിയാരോപണത്തിനെതിരെയാണ് സമരം നടത്തിയതെന്നാണ് സംസ്ഥാനസർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ രഞ്ജിത് കുമാർ കോടതിയിൽ പറഞ്ഞതെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അത് കെ എം മാണി തന്നെയാണ്. അകപ്പെട്ട വിഷമസന്ധിയിൽ സമവായമെങ്ങനെ നടപ്പാക്കാമെന്ന ചർച്ചയും ഇന്നത്തെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും. 

മുന്നണിയിൽ ഇനിയും നിൽക്കണോ എന്ന് ജോസ് കെ മാണി പുനർവിചിന്തനം നടത്തേണ്ട സമയമാണിതെന്ന് മോൻസ് ജോസഫ് എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് നേതാക്കളാണ് പ്രധാനമായും വളരെ വികാരപരമായി ഈ പ്രശ്നത്തിൽ പ്രതികരണം നടത്തുന്നത്. അധികാരമാണോ ആത്മാഭിമാനമാണോ വലുതെന്ന് ജോസ് കെ മാണി തന്നെ പറയട്ടെ എന്നാണ് മോൻസ് ജോസഫ് പറയുന്നത്. ഈ ചോദ്യങ്ങളെല്ലാം ചെന്ന് കൊള്ളുന്നത് ജോസ് കെ മാണിയുടെ നേർക്കും എൽ‍ഡിഎഫിന് നേർക്കുമാകും. വികാരപരമായ പ്രശ്നമായതുകൊണ്ട് തന്നെ, ഓർക്കാപ്പുറത്ത് ഉയർന്നുവന്ന ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കാമെന്ന് എൽഡിഎഫിന് തല പുക‌‌ഞ്ഞാലോചിക്കേണ്ടി വരും. 

തെരഞ്ഞെടുപ്പിലുള്‍പ്പടെ വലിയ പരാതിയും വിയോജിപ്പും എല്‍ഡിഎഫിനോട് ഉണ്ടായിരുന്നിട്ടും അത് പരസ്യമാക്കാതിരുന്ന കേരളാ കോണ്‍ഗ്രസ് പക്ഷേ കെഎം മാണിയെ തൊട്ടപ്പോള്‍ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ്. അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു. കേരളാ കോണ്‍ഗ്രസ് യുഡിഎഫിലുണ്ടായിരുന്നപ്പോള്‍ മാണിക്കെതിരെ ഇടത് മുന്നണി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തെത്തിയപ്പോഴും മാണി അഴിമതിക്കാരനാണെന്ന നിലപാട് സർക്കാർ തുടർന്നത് ശക്തമായ പ്രതിഷേധമാണ് പാര്‍ട്ടിയിലുണ്ടാക്കിയത്.

സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴി ചാരുന്നതെങ്കിലും എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കെഎം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. കെ എം  മാണിക്കെതിരെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു ജോസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയപ്പോള്‍ യുഡിഎഫ് നേതാക്കാള്‍ പരിഹസിച്ചിരുന്നത്. ഇന്നത്തെ സര്‍ക്കാര്‍ നിലപാടിനെ യുഡിഎഫ് വീണ്ടും ആയുധമാക്കുകയാണ്. കേരളകോൺഗ്രസ്‌ എമ്മിന് കെ എം മാണിയോട്  ആദരവും ബഹുമാനവും ഉണ്ടെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടത്.

കേസിന്‍റെ വാദത്തിനിടെ കേരള സർക്കാരിന്‍റെ അഭിഭാഷകൻ പറഞ്ഞ ഒരു വാചകം ഇപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ വലിയ കൊടുങ്കാറ്റുകൾ ഉയർത്തുമ്പോൾ ഇനിയെന്താകും സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ ഉയർത്തുന്ന വാദം എന്നതും ശ്രദ്ധേയമാണ്. കേരളത്തിലൊരു രാഷ്ട്രീയ സെറ്റിൽമെന്‍റുണ്ടായി എന്നതും, കേസ് പിൻവലിക്കണമെന്നതും സുപ്രീംകോടതിയിലടക്കം പറയാനാകുമോ എന്നതും കണ്ടറിയണം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!