അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മലയാളിക്ക് മനസിലാകുമെന്ന് പറഞ്ഞു സുരേന്ദ്രന്‍, ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് കിട്ടുന്ന കാലം വിദൂരമല്ലെന്നും പരിഹാസിച്ചു.

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് എസ് ഹരീഷിൻ്റെ മീശ എന്ന നോവലിന് നൽകിയതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനും നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ വിമര്‍ശിച്ചു. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മലയാളിക്ക് മനസിലാകുമെന്ന് പറഞ്ഞു സുരേന്ദ്രന്‍, ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് കിട്ടുന്ന കാലം വിദൂരമല്ലെന്നും പരിഹാസിച്ചു.

യലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് മീശ എന്ന നോവലിന് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. വിവാദങ്ങൾക്കപ്പുറം എഴുത്തിനുളള അംഗീകാരം കിട്ടയതിൽ സന്തോഷമുണ്ടെന്ന് ഹരീഷ് പറഞ്ഞു. വാദങ്ങൾ മറികടക്കുന്ന അസാമാന്യ രചനാരീതിയാണ് നോവലെന്ന് ജുറി അംഗം സാറാ ജോസഫ് പ്രതികരിച്ചു. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാതലത്തിൽ അവതരിപ്പിച്ച മീശക്ക് വയലാര്‍ പുരസ്കാരം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വരവേ, സമുദായ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് നോവൽ പിന്‍വലിച്ചിരുന്നു. 

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അവാർഡുകൾ ഇഷ്ടക്കാർക്കു നൽകുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. അവാർഡുകൾ ചിലരെ പരിഹസിക്കാനും ആക്ഷേപിക്കാനുമായി നൽകുന്നതാണ് കേരളത്തിന്റെ പുതിയ രീതി. മീശ മഹത്തായ സൃഷ്ടിയാണെന്നും കേരളത്തിൽ അത് വലിയ ചലനങ്ങളുണ്ടാക്കിയെന്നുമാണ് ജൂറിയുടെ കണ്ടുപിടുത്തം. സാറാജോസഫും ജെയിംസും രാമൻകുട്ടിയുമടങ്ങുന്ന അവാർഡ് നിർണ്ണയസമിതി ഇതിനുമുമ്പുള്ള വയലാർ അവാർഡുകളും അവാർഡിനാധാരമായ കൃതികളും ഒരുവട്ടം ഓർക്കുന്നത് നല്ലതാണ്. ലളിതാംബിക അന്തർജ്ജനം മുതൽ ബന്യാമിൻ വരെയുള്ള അവാർഡു ജേതാക്കൾക്കളുടെ നീളുന്ന പട്ടികയും കൃതികളും. തകഴിക്കും വൈലോപ്പിള്ളിക്കും ഒ. എൻ വിക്കും സുഗതകുമാരിക്കും എം. ടി. ക്കും അഴീക്കോടിനും കെ. സുരേന്ദ്രനും മാധവിക്കുട്ടിക്കും ടി. പത്മനാഭനും വിഷ്ണുനാരായണൻ നമ്പൂതിരിക്കും ലീലാവതിക്കുമടക്കം അവരവരുടെ ഉദാത്തമായ സൃഷ്ടികളെ അധികരിച്ചാണ് അവാർഡുകൾ നൽകിയത്. ഹരീഷിനാവട്ടെ അദ്ദേഹത്തിന്റെ നിലപാടിനു ലഭിച്ച അവാർഡ് എന്നേ കരതാനാവൂ. മീശ ഏത് മൂശയിലാണ് വാർത്തതെന്ന് മനസ്സിലാക്കാനുള്ള വിവേകമൊക്കെ മലയാളിക്കുണ്ടെന്നേ പറയാനുള്ളൂ. ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡുകിട്ടുന്ന കാലം വിദൂരമല്ല.