
തിരുവല്ല: മാവേലിക്കര സബ് ജയിലിൽ റിമാൻഡ് പ്രതിയായിരുന്ന എം ജെ ജേക്കബ് മരിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സഹ തടവുകാരൻ. റിമാന്‍ഡ് പ്രതിയുടെ മരണത്തിൽ മജിസ്ട്രേറ്റിന് മൊഴി നൽകിയതിന് പിന്നാലെ കൊടിയ പീഡനങ്ങളാണ് ജയിലിൽ നടക്കുന്നതെന്നാണ് സഹതടവുകാരൻ ഉണ്ണികൃഷ്ണൻ പരാതി നൽകിയത്.
മാവേലിക്കര ജയിലിൽ റിമാന്‍ഡിലായിരുന്ന ജേക്കബ്ബിനെ മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരായ ബുഹാരി,സുജിത്ത്,ബിനോയി എന്നിവരാണ് ജേക്കബ്ബിനെ മർദ്ദിച്ചതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിന്‍റെ പേരിലാണ് തനിക്കെതിരെ ജയിൽ അധികൃതർ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി തടവറയിലെന്നും ഉണ്ണിക്കൃഷ്ണൻ മജിസ്ട്രേറ്റിന് പരാതി എഴുതി നൽകിയിട്ടുണ്ട്.
ശ്വാസനാളത്തില്‍ തൂവാല കുരുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതോടെയാണ് മാവേലിക്കര സബ് ജയിലിൽ റിമാന്‍റിലായിരുന്ന കുമരകം മഠത്തില്‍ എം ജെ ജേക്കബിന്റെ മരണത്തിൽ ദുരൂഹത ഏറിയത്. സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത് ബുധനാഴ്ച രാത്രി മാവേലിക്കര ജയിലിലെത്തിച്ച ജേക്കബ് വ്യാഴാഴ്ചയാണ് മരിക്കുന്നത്. ജയിലധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിര്‍ദേശപ്രകരം ഡിഐജി എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അന്വേഷണവും നടക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam