നടിയെ ആക്രമിച്ച കേസ്: സിദ്ദിഖിന്‍റെയും ബിന്ദു പണിക്കരുടെയും വിസ്താരം മാറ്റിവെച്ചു

By Web TeamFirst Published Mar 7, 2020, 12:12 PM IST
Highlights

ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്‍ സിദ്ദിഖ്, നടി ബിന്ദു പണിക്കർ എന്നിവരെ വിസ്തരിക്കുന്നത് മാറ്റിവെച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. ബിന്ദു പണിക്കരെ മറ്റന്നാൾ വിസ്തരിക്കും. സിദ്ദിഖിനെ വിസ്തരിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് കോടതി അറിയിച്ചു. നടി ഭാമയുടെ സാക്ഷി വിസ്താരം ഇന്നലെ മാറ്റിവെച്ചിരുന്നു. 

മൊഴി നൽകാനായി ഭാമ രാവിലെ കൊച്ചിയിലെ കോടതിയില്‍ എത്തിയിരുന്നെങ്കിലും പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് വിസ്താരം മാറ്റിയത്. മാര്‍ച്ച് പതിമൂന്നാം തീയതിയിലേക്കാണ് വിസ്താരം മാറ്റിയത്. ആക്രമിക്കപ്പെട്ട നടിയോട് എട്ടാം പ്രതിയായ ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് പ്രൊസിക്യൂഷൻ മൊഴിയെടുക്കുന്നത്. ദിലീപ് തന്‍റെ അവസരങ്ങൾ തട്ടിത്തെറിപ്പിക്കുന്നതായി ആക്രമണത്തിനിരയായ നടി നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഭാമയേയും സാക്ഷിയാക്കിയത്.

കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കഴിഞ്ഞ ദിവസം നടന്ന വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിൻമാറി. ദിലീപിന് അനുകൂലമായിട്ടാണ് ഇടവേള ബാബുവിന്‍റെ കൂറുമാറ്റം.  സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

Also Read: നടിയെ ആക്രമിച്ച കേസ്: അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറി, പുതിയ മൊഴി ദിലീപിന് അനുകൂലം

ദീലീപ് തന്‍റെ  സിനിമാ അവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്‍റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു. എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ ഇടവേള ബാബു പഴയ നിലപാട് തള്ളിപ്പറഞ്ഞു.

click me!