കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 'അമ്മ'യുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു കൂറുമാറി. കൊച്ചിയിൽ നടന്ന വിസ്താരത്തിനിടെയാണ് പ്രോസിക്യൂഷൻ സാക്ഷിയായ ബാബു എട്ടാം പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകിയത്. പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് ബാബു പിൻമാറി. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായിട്ടാണ് ഒരു സാക്ഷി കൂറുമാറുന്നത്.

നടിയെ ആക്രമിച്ച കേസിൽ പൊലീസിന് മുമ്പ് നൽകിയ മൊഴി പൂ‍ർണമായി തളളിപ്പറഞ്ഞാണ് ഇടവേള ബാബുവിന്‍റെ കൂറുമാറ്റം. കേസിലെ എട്ടാം പ്രതിയായ ദീലീപ് തന്‍റെ  സിനിമാ ആവസരങ്ങൾ തട്ടിക്കളയുന്നതായി ആക്രമിക്കപ്പെട്ട നടി തന്നോട് പറഞ്ഞെന്നായിരുന്നു ബാബുവിന്‍റെ മുൻ മൊഴി. ഇക്കാര്യം ദിലീപിനോട് സൂചിപ്പിച്ചെന്നും എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നതെന്ന് ചോദിച്ചിരുന്നെന്നും മൊഴിയിലുണ്ടായിരുന്നു. താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന റിഹേഴ്സൽ ക്യാംപിനിടെ നടിയോട് ദിലീപ് മോശമായി പെരുമാറിയ  സംഭവവും മൊഴിയിലുൾപ്പെടുത്തിയിരുന്നു . എന്നാൽ കൊച്ചിയിലെ പ്രത്യേക കോടതിയിൽ നടന്ന വിസ്താരത്തിനിടെ  ഇടവേള ബാബു പഴയ നിലപാട് തളളിപ്പറഞ്ഞു.

ചില കാര്യങ്ങൾ ഓർമയില്ലെന്നും ഇടവേള ബാബു നിലപാടെടുത്തു. ഇതോടെയാണ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇക്കാര്യം വിചാരണക്കോടതി അനുവദിച്ചതോടെ നടിയെ ആക്രമിച്ച കേസിലെ ആദ്യ കൂറുമാറ്റ സാക്ഷിയായി ഇടവേള ബാബു മാറി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന ശത്രുതയുടെ തെളിവായിട്ടാണ് ഇടവേള ബാബു അടക്കമുളള സിനിമാ പ്രവർത്തകരെ പ്രോസിക്യൂഷൻ  സാക്ഷിയായി ഉൾപ്പെടുത്തിയിരുന്നത്. കാവ്യാ മാധവന്‍റെ അമ്മ ശ്യാമളയെ വിസ്തരിക്കുന്നതിനായി ഇന്ന് വിളിച്ചുവരുത്തിയിരുന്നെങ്കിലും സമയക്കുറവുമൂലം നടന്നില്ല. നടി ഭാമയെ നാളെ വിസ്തരിക്കും. 

Also Read: നടിയെ ആക്രമിച്ച കേസ്: അവധി അപേക്ഷയുമായി കുഞ്ചാക്കോ ബോബനും മുകേഷും

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് ശേഷം ദിലീപിനെ 'അമ്മ' സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം തിരിച്ചെടുക്കുകയും ചെയ്തു. ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുത്ത അവസരത്തില്‍ ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍നിന്ന് രാജിവച്ചിരുന്നു.