
തിരുവനന്തപുരം: സ്പ്രിംക്ലർ കരാറുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി കഴിഞ്ഞ ദിവസം വന്നതിന് പിന്നാലെ തനിക്കെതിരെ വിമർശനമുന്നയിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടിയുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. താനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും മാപ്പ് പറയണമെന്ന ഗോവിന്ദന്റെ ആവശ്യം കാര്യങ്ങൾ പഠിക്കാതെയാണെന്നും, കേസിൽ താൻ മാത്രമാണ് കക്ഷി ചേർന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരാറിൽ അഴിമതിയില്ലായിരുന്നെങ്കിൽ എന്തിനാണ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്ന് ചെന്നിത്തല ചോദിച്ചു. തന്റെ ഇടപെടലുകളെത്തുടർന്നാണ് സർക്കാർ പിന്മാറിയതെന്നും, സ്വകാര്യതയുമായി ബന്ധപ്പെട്ട തന്റെ വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശരിവെച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട തന്റെയും പ്രതിപക്ഷ നേതാവിന്റെയും വാദം കോടതി തള്ളിയെന്നത് സത്യമാണെന്നും ചെന്നിത്തല സമ്മതിച്ചു. തങ്ങളുടെ വാദങ്ങൾ കോടതി തള്ളിയെങ്കിലും നിലവിൽ സംസ്ഥാനത്ത് ഏതെങ്കിലും എ ഐ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. വസ്തുതാപരമായ കാര്യങ്ങളാണ് അന്ന് പറഞ്ഞതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കരാർ തിടുക്കത്തിൽ നടപ്പാക്കിയതാണെന്നും മന്ത്രിസഭയുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. നിയമ-ധനകാര്യ വകുപ്പുകളുമായി ചർച്ച ചെയ്യാതെയും 'റൂൾസ് ഓഫ് പ്രൊസീജർ' പാലിക്കാതെയുമാണ് ശിവശങ്കർ കരാറിൽ ഒപ്പിട്ടതെന്ന് കോടതി ക്രമക്കേടായി ചൂണ്ടിക്കാട്ടിയതായും ചെന്നിത്തല പറഞ്ഞു. ഇത്തരം നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാകരുതെന്ന് കോടതി താക്കീത് നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ താൻ ഉന്നയിച്ച ഏഴ് ആരോപണങ്ങളിലും സർക്കാരിന് പിന്മാറേണ്ടി വന്നിട്ടുണ്ടെന്നും, കോടതി സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. പ്രതിപക്ഷ ധർമ്മമാണ് നിർവഹിച്ചതെന്നും കോടതി തങ്ങളെ ശാസിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കോടതി സർക്കാരിന് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും എന്നാൽ നിർലജ്ജമായി ഗോവിന്ദൻ, ക്ലീൻ ചീറ്റ് നൽകിയെന്നാണ് പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു. കരാറിലെ ക്രമക്കേടുകൾ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്പ്രിംക്ലർ കേസിൽ ഇനി അപ്പീലിന് പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ചെന്നിത്തല, യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ ഇതിനെതിരെ പോരാടുകയാണെന്നും കേരളത്തോട് കേന്ദ്രം കാണിക്കുന്നത് സമ്പൂർണ്ണ അവഗണനയാണെന്നും കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam