'കൃത്രിമ ജനവിധി, വിശ്വാസയോഗ്യമല്ല'; ബിഹാറിലെ കനത്ത തോൽവിക്ക് പിന്നാലെ യോഗം ചേർന്ന് എഐസിസി

Published : Nov 27, 2025, 11:16 PM IST
AICC Meeting in Delhi

Synopsis

ബിഹാർ തോൽവിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ജനവിധി വിശ്വാസയോഗ്യമല്ലെന്നാണ് കോൺഗ്രസ് നിലപാട്. സർക്കാർ പദ്ധതിയുടെ മറവിൽ പണം നൽകിയുണ്ടാക്കിയ കൃത്രിമ ജനവിധിയാണെന്ന് കോണ്‍ഗ്രസി

ദില്ലി: ബിഹാർ തോൽവിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്. ജനവിധി വിശ്വാസയോഗ്യമല്ലെന്നാണ് കോൺഗ്രസ് നിലപാട്. സർക്കാർ പദ്ധതിയുടെ മറവിൽ പണം നൽകിയുണ്ടാക്കിയ കൃത്രിമ ജനവിധിയാണിതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ പങ്കാളിയായി നടപടികൾ അട്ടിമറിച്ചു, വോട്ട്കൊള്ളക്കെതിരായ പോരാട്ടം തുടരുമെന്നും അവലോകന യോഗത്തിന് ശേഷം കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ഇന്ന് എഐസിസി യോഗം ചേർന്നിരുന്നു. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഹൈക്കമാന്‍ഡ് നേതാക്കളും, ബിഹാര്‍ പിസിസി അധ്യക്ഷനടക്കമുള്ള സംസ്ഥാന നേതാക്കളും പങ്കെടുത്തു. 

രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാര്‍ യാത്ര നടത്തിയ സംസ്ഥാനത്തെ കനത്ത തിരിച്ചടിയുടെ കാരണങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. വോട്ട് ചോരി തോല്‍വിക്ക് പ്രധാനകാരണമായെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ നിലപാട്. വോട്ട് ചോരിയില്‍ മാത്രം കുറ്റം ചാരാതെ സംഘടനാ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് ശക്തമായ നടപടി വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തോല്‍വിയുടെ ഉത്തരവാദിത്തം ആരോപിച്ച് സംസ്ഥാനത്തെ 7 നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നിലപാടിനെതിരെ കൂടുതല്‍ സഖ്യകക്ഷികള്‍ രംഗത്തെത്തിയിരുന്നു. തോല്‍വിക്ക് കാരണം വോട്ട് ചോരിയാണെന്ന കോണ്‍ഗ്രസ് ആരോപണം ശിവസേന തള്ളി. ബിഹാറിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുകയാണ്. പതിവ് പോലെ തെരഞ്ഞെടുപ്പ് കമ്മീഷനെയും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെയും കുറ്റം പറഞ്ഞ് തലയൂരാനുള്ള കോണ്‍ഗ്രസ് ശ്രമം സഖ്യകക്ഷികള്‍ക്ക് ഇക്കുറി ദഹിക്കുന്നില്ല. മുഖപത്രമായ സാമ്നയില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ശിവസേന ഉദ്ധവ് വിഭാഗം ഉന്നയിക്കുന്നത്. സഖ്യത്തിനുള്ളിലെ പ്രശ്നങ്ങള്‍ കാണാതെ തെരഞ്ഞെടുപ്പ് കമ്മീഷനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ശിവസേനയുടെ തിരുത്ത്. സൗഹൃദ മത്സരമെന്ന ഓമനപ്പേരിട്ട് സഖ്യകക്ഷികള്‍ മത്സരിച്ചത് തന്നെ തെറ്റായി പോയി. പ്രചാരണത്തിലും ഏകോപനമുണ്ടായില്ല. പ്രശ്നം തിരിച്ചറിഞ്ഞ് മുറിവുണക്കാന്‍ അടിയന്തര ചികിത്സ വേണമെന്നും ശിവസേന ആവശ്യപ്പെട്ടു. തോല്‍വി അവലോകനം ചെയ്യാന്‍ ആര്‍ജെഡി യോഗം വിളിച്ചെങ്കിലും സഖ്യത്തിന്‍റെ ഒന്നാകെ യോഗം ഇനിയും ചേര്‍ന്നിട്ടില്ല. നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന ആവശ്യം സമാജ് വാദി പാര്‍ട്ടി നിരന്തരം ഉന്നയിക്കുകയാണ്. പാര്‍ട്ടിയുടെ എംപിമാരും എംഎല്‍എമാരും അഖിലേഷ് യാദവ് നേതൃത്വം ഏറ്റെടുക്കണമെന്ന സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ട്. ഇതിനിടെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തില്‍ കോണ്‍ഗ്രസിനുള്ളിലും അമര്‍ഷം ശക്തമാണ്. 

ബിഹാറിനെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ലാത്ത ആന്ധ്രപ്രദേശില്‍ നിന്നുള്ള കൃഷ്ണ അല്ലാവരുവിനെ ചുമതലയേല്‍പിച്ചത് വന്‍ പരാജയമായെന്നാണ് ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിച്ച് പാര്‍ട്ടിയിലെത്തിയ അല്ലാവരുവിന് കോണ്‍ഗ്രസ് എന്താണെന്നോ, തെരഞ്ഞെടുപ്പ് തന്ത്രങ്ങളെന്താണെന്നോ അറിയില്ലെന്നും വിമര്‍ശനമുയരുന്നു. ദേശീയ നേതൃത്വത്തെയടക്കം സംശയ നിഴലിലാക്കി സീറ്റിന് കോടികള്‍ വാങ്ങിയെന്നാരോപിക്കുന്നു ബിഹാറിലെ പാര്‍ട്ടി വിട്ട നേതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിക്കാനും നീക്കം നടത്തുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർ ശ്രീലേഖയുമായുള്ള തർക്കം; വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു, മരുതംകുഴിയിൽ പുതിയ ഓഫീസ്
സപ്തതി കഴിഞ്ഞു,നിയമസഭയിലേക്ക് മത്സരിക്കാനില്ല,ശാന്തികവാടത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും: ചെറിയാൻ ഫിലിപ്പ്